അബ്‌ദുള്ളക്കുട്ടിയെ കൊലപ്പെടുത്താന്‍ കെ സുധാകരന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് ആരോപണം. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എ പി അബ്‌ദുള്ളക്കുട്ടിയെ കൊലപ്പെടുത്താന്‍ ചാലക്കുടിയില്‍ നിന്നും ഗുണ്ടാസംഘത്തെ ഇറക്കിയെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് എതിരെ തൃശൂര്‍ ഐ ജി ഓഫീസിന് മുന്നില്‍ ഡി വൈ എഫ് ഐ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാക്കി ജയിക്കാനായിരുന്നു അബ്‌ദുള്ളക്കുട്ടിയെ വധിക്കാന്‍ ശ്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു
ചാലക്കുടിയില്‍ നിന്നും മധുര ജോഷിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ ആയിരുന്നു കൊലപാതകത്തിനായി ഇറക്കിയത്. സി പി എമ്മില്‍ നിന്നും വിട്ടു പോയതിന് പ്രതികാരം തീര്‍ത്തതാണെന്ന് വരുത്തി കുറ്റം സി പി എമ്മിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നു ഉദ്ദേശമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞെത്തിയ സുധാകരന്‍ അവരെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടു പോകുകയായിരുന്നെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പ്രചാരണം കിട്ടിയ സംഭവം യഥാര്‍ഥത്തില്‍ കൊലപാതകത്തിനുള്ള നീക്കമായിരുന്നെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.