വാക്‌സിനെടുക്കാതെ 5000ത്തോളം അധ്യാപകർ, നടപടിക്കൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

Webdunia
ഞായര്‍, 28 നവം‌ബര്‍ 2021 (10:48 IST)
സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ഇനിയും സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ തുറന്നിട്ടും വാക്‌സിൻ എടുക്കാത്തവരായി അയ്യായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവർക്കെതിരെ നടപടിയെടുക്കാൻ വകുപ്പ് നീക്കങ്ങൾ ആരംഭിച്ചു. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ചാണ് വകുപ്പുതല നടപടി എടുക്കാൻ പോകുന്നത്.
 
ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല അധ്യാപകരും വാക്‌സിൻ എടുക്കാത്തത്. എന്നാൽ ഇതിൽ അധികം പേരും മതിയായ കാരണമില്ലാതെയാണ് വിമുഖത കാണിക്കുന്നത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസം സ്കൂൾ സമയം വൈകുന്നേരം വരെയാക്കുവാൻ വിദ്യ‌ഭ്യാസവകുപ്പ് ശുപാർശ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിൻ എടുക്കാത്ത അധ്യാപകരെ കണ്ടെത്തി നടപടിയെടുക്കാൻ കർശന തീരുമാനം എടുത്തത്.
 
ഇതിന് മുമ്പ് സ്‌കൂൾ തുറക്കലിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിൽ 2,282 അധ്യാപകരും 327 അനധ്യാപകരും വാക്‌സിൻ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് 5,000 പേരോളം ഉണ്ടെന്നാണ് അറിയുന്നത്. ഇത് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്നും വാക്‌സിൻ വിരുദ്ധത വളർത്തുമെന്നാണ് വിദ്യഭ്യാസവകുപ്പ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article