പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു

എ കെ ജെ അയ്യർ

ബുധന്‍, 12 ഫെബ്രുവരി 2025 (16:59 IST)
എറണാകുളം :  പാതിവില തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു.  അതത് ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളില്‍ നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. ഇതിനെ തുടര്‍ന്ന് ആണ് അന്വേഷണത്തിലേക്ക് കടക്കുന്നത്. കേസിലെ മുഖ്യപ്രതി അനന്തുവിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി കഴിഞ്ഞു. പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
 
കേസില്‍ ജനത്തില്‍ നിന്നു പണം വാങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഇതോടെ പണം വാങ്ങാനിടയായ സാഹചര്യം ഇവര്‍ പൊലീസിന് മുന്നില്‍ വ്യക്തമാക്കേണ്ടിവരും. തട്ടിപ്പ് പണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ടെങ്കില്‍ ഇവരെ പ്രതിയാക്കുമോ എന്നാണ്  അറിയേണ്ടത്. 
 
ഇതില്‍ പണം നഷ്ടമായവരുടെ മൊഴി എടുക്കുകയാണ് അടുത്ത വലിയ വെല്ലുവിളി. ഇതുകൂടാതെ പകുതി വിലയില്‍ സ്‌കൂട്ടറും, ലാപ്‌ടോപ്പും, രാസവളവും, തയ്യല്‍ മെഷീനും വാങ്ങിയവരുടെ മൊഴിയുമെടുക്കണം. 65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പൊലീസിന്റെ നിഗമനം. കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാല്‍ രേഖപ്പെടുത്തി കൈമാറും. ബന്ധപ്പെട്ട അന്വേഷണം ത്വരിത ഗതിയില്‍ ആക്കിയിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍