നഗ്നരാക്കി നിര്‍ത്തി, കോംപസ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചു; കോട്ടയം ഗവ.നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ അഞ്ച് അറസ്റ്റ്

രേണുക വേണു

ബുധന്‍, 12 ഫെബ്രുവരി 2025 (09:02 IST)
Anti Ragging

കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലുണ്ടായ റാഗിങ്ങില്‍ അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. ആരോപണ വിധേയരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. 
 
ക്രൂരമായ റാഗിങ്ങിനു ഇരയായെന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് റാഗിങ് തുടങ്ങിയതെന്നാണ് പരാതി. വിദ്യാര്‍ഥികളെ നഗ്നരാക്കി നിര്‍ത്തി, കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിച്ചു, വെയ്റ്റ് ലിഫ്റ്റിങ്ങിനു ഉപയോഗിക്കുന്ന ഡംബല്‍  ഉപയോഗിച്ചു ആക്രമിച്ചു, മുറിവുകളില്‍ ലോഷന്‍ തേച്ച് വേദനിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരിക്കുന്നു. 
 
ഇതുകൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍