ഐഡിയ സെല്ലുലാർ 4ജി സേവനം കേരളത്തിൽ കൂടുതൽ നഗരങ്ങളിലേക്കുകൂടി വ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് വൻ വികസനത്തിനായി ചുവട് വെക്കുകയാണ് ഐഡിയ. നിലവിൽ 2500 4ജി മൊബൈൽ ടവറുകളാണുള്ളത് ഇത് ഇക്കൊല്ലം 4500 ആയി ഉയർത്താനാണ് ലക്ഷ്യം. ഇതോടെ കേരളത്തിൽ 75 ശതമാനം പ്രദേശങ്ങളിലും 4ജി ലഭ്യമാകുന്നതായിരിക്കും.
14 ജില്ലകളിലായി ഏകദേശം 55 ശതമാനം ജനങ്ങളിലേക്ക് ഐഡിയയുടെ 4ജി സേവനം ലഭ്യമാക്കിയത് വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ്. നിലവിൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ 4ജി സേവനം ലഭ്യമാണ്. പുതിയ പദ്ധതിയ്ക്കായി ഏകദേശം 75 കോടിയാണ് മുതൽമുടക്കുന്നതെന്നു ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ അംബരീഷ് ജയിൻ ഒരു വാർത്താചാനലിനോട് പറഞ്ഞു.
സ്മാർട്ഫോണുകളിൽ ഏറ്റവും സാധാരണമായി ലഭിക്കുന്ന 1800 മെഗാഹെട്സ് ബാൻഡിൽ 4ജി നൽകുന്നതിനാൽ കേരളത്തിൽ ഉപയോക്താക്കളുടെ എണ്ണം അതിവേഗം വളരുന്നു. മികച്ച സ്പീഡും വ്യക്തതയും ഉറപ്പാക്കാൻ ഇതു സഹായിക്കും. കേരളത്തിൽ ഒരു കോടിയിലേറെ വരിക്കാരുമായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഐഡിയയ്ക്ക് ആകെ മൊബൈൽ വരിക്കാരുടെ 35% സ്വന്തമാണ്.