നിലമ്പൂരിലെ മാവോയിസ്‌റ്റ് വേട്ട സിനിമാ സ്‌റ്റൈലില്‍; ആക്രമണത്തിന്റെ സൂത്രധാരന്‍ നിസാരക്കാരനല്ല - പൊലീസ് ഓപ്പറേഷന്‍ ഇങ്ങനെ!

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (17:57 IST)
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. നിലമ്പൂര്‍ വനത്തിലെ കരുളായി വനമേഖലയിലെ ഉള്‍ക്കാട്ടില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. സംസ്ഥാനത്ത് മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമാകുന്നു എന്ന വാര്‍ത്തകളെ സ്ഥിരീകരിക്കുന്ന സംഭവമാണ് ഇന്നുണ്ടായിരിക്കുന്നത്.

പ്രദേശത്തെ ഉള്‍ക്കാട്ടില്‍ അഞ്ജാത സംഘം തമ്പടിച്ചിരിക്കുന്നതായി ആഴ്‌ചകള്‍ക്ക് മുമ്പ് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ രഹസ്യാന്വേഷണ സംഘം കൂടുതല്‍ ജാഗ്രത പാലിക്കുകയും കരുളായി വനമേഖലയിലെ ഉള്‍ക്കാടിലെ മാവോയിസ്‌റ്റുകളുടെ ക്യാമ്പ് കണ്ടെത്തുകയുമായിരുന്നു. മലപ്പുറം പൊലീസ് മേധാവിയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു ഇന്നത്തേത്. പുലര്‍ച്ചെ നാലുമണിയോടെ കാട്ടില്‍ പ്രവേശിച്ച പ്രത്യേക പൊലീസ് സംഘത്തിനൊപ്പം തണ്ടര്‍ ബോള്‍ട്ടുമുണ്ടായിരുന്നു.

വളരെ പതുക്കെ കരുതലോടെയാണ് സംഘം വനത്തിനുള്ളിലേക്ക് കടന്നത്. ഇവരെ സഹായിക്കാന്‍ ഫോറസ്‌റ്റ് ജീവനക്കാരുമുണ്ടായിരുന്നു. മാവോയിസ്‌റ്റുകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലം ഉള്‍ക്കാടിലായതിനാലാണ് പുലര്‍ച്ചെ തന്നെ കാട്ടില്‍ കയറാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. നേരം പുലര്‍ന്ന ശേഷം കാട്ടില്‍ പ്രവേശിച്ചാല്‍ കരുളായി വനമേഖലയില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് പൊലീസ് സംഘത്തിനറിയാമായിരുന്നു. പൊലീസ് സാന്നിധ്യം പുറത്തറിയുന്നതിനും അത്തരം നീക്കം കാരണമാകുമെന്ന് പൊലീസ് മനസിലാക്കിയിരുന്നു.

പന്ത്രണ്ട് മണിയോടെ 60 പേരടങ്ങുന്ന പൊലീസ് സംഘം 15 പേരടങ്ങുന്ന  മാവോയിസ്‌റ്റ് സംഘത്തെ പൊലീസ് കണ്ടെത്തി. പൊലീസ് വളയുന്നതായി മനസിലാക്കിയതോടെ ചിതറിയോടിയ മാവോയിസ്‌റ്റുകളില്‍ ചിലര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ ബോള്‍ട്ട് സംഘവും പൊലീസും തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഏതാണ്ട് അര മണിക്കൂറോളം വെടിവയ്‌പ് നീണ്ടു നിന്നു. 10 റൗണ്ടോളം ഇരു വിഭാഗവും വെടിയുതിർത്തു എന്നാണ് അറിയുന്നത്.
തുടര്‍ന്നാണ് മാവോയിസ്‌റ്റ് സംഘത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും സൂചനകളുണ്ട്.

ഒരാളുടെ മരണം ഡി.എഫ്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. 20 വർഷമായി ഒളിവിൽ കഴിയുന്ന തമിഴ്നാട് സ്വദേശി കപ്പു ദേവരാജ്, കൊല്ലപ്പെട്ടവരിൽ അജിത എന്ന സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ദേവരാജ് മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് അറിയുന്നു.

സമീപനാളുകളായി കരുളായി വന മേഖലകളില്‍ മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമായിരുന്നു. കരുളായി പടുക്കയിലെ മാവോ കേന്ദ്രം ട്രൈജംഗ്‌ഷനെന്നാണ് സേനയ്‌ക്കിടെയില്‍ അറിയപ്പെടുന്നത്. സൈലറ്റ് വാലി മേഖലയിലേക്കും വയനാട്ടിലേക്കും തമിഴ്‌നാട്ടിലേക്കും എളുപ്പം കടക്കാമെന്നതിനാലാണ് ഈ പേരു വീണത്.

ആക്രമണം നടന്ന നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്‌റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത് 2013 ഫെബ്രുവരിയിലാണ്. പിന്നീട് പലതവണ പൊലീസും മാവോയിസ്‌റ്റുകളും നേര്‍ക്കുനേര്‍ വരുകയും വെടിയുതിര്‍ക്കുകയും ചെയ്‌തിരുന്നു. ഈ വർ‌ഷം ഫെബ്രുവരിയിലും നിലന്പൂരിലെ കരുളായി ഉൾവനത്തിൽ മാവോയിസ്‌റ്റുകളും കമാൻഡോകളും തമ്മിൽ വെടിവയ്‌പ് ഉണ്ടായിരുന്നു.
Next Article