ഇറാഖില്‍നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ ഷാര്‍ജ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നഴ്സുമാരുടെ സംഘമെത്തിയത്. ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്ക സഹായത്തോടെയുമായിരുന്നു ഇവരുടെ മടക്കം.
ഇറാഖിലെ ദിയാലയിലെ അഞ്ച് ആശുപത്രികളിലായി ജോലി ചെയ്യുന്ന 29 നഴ്സുമാരാണ് നാട്ടിലെത്തിയത്. യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്. നോര്‍ക്ക റൂട്ട്‌സ് ഇവര്‍ക്ക് 2000 രൂപ ധനസഹായം നല്‍കി.
നഴ്സുമാരിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്. പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്ന് നഴ്സുമാര്‍ അഭ്യര്‍ഥിച്ചു. ദിയാലയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് നഴ്സുമാര്‍ കൂടി എത്താനുണ്ട്. യാത്രാ രേഖകള്‍ ശരിയാവാനുള്ളതു കൊണ്ട് ഇവര്‍ ഷാര്‍ജയില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇവര്‍ പറഞ്ഞു.