200 പവനും 10 ലക്ഷവുമായി ആമിനക്കുട്ടി മുങ്ങി

Webdunia
ബുധന്‍, 26 ജനുവരി 2011 (12:02 IST)
PRO
PRO
വന്‍ പലിശ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 200 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും തട്ടിയെടുത്ത് ബാങ്ക് സെക്രട്ടറി മുങ്ങി. കുറ്റിപ്പുറം കോ-ഓപ്പറേറ്റീവ്‌ ബാങ്കിന്റെ മുന്‍ സെക്രട്ടറിയായ പൊന്നാനി സ്വദേശി തെരുവത്ത്‌ വീട്ടില്‍ ആമിനക്കുട്ടിയാണ്‌ (52) ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണവുമായി മുങ്ങിയത്‌. തട്ടിപ്പ്‌ നടത്തിയ ആമിനക്കുട്ടിയുടെ പൊന്നാനിയിലെ വീട്‌ പൂട്ടിയിട്ട നിലയിലാണ്‌. ആമിനക്കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപേക്ഷിച്ച നിലയിലാണ്‌.


ബാങ്കിന്റെ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ആമിനക്കുട്ടി തട്ടിപ്പുകളെല്ലാം നടത്തിയത്. ബാങ്ക് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയാണെത്രെ ആമിനക്കുട്ടി നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റിയത്. ആമിനക്കുട്ടിക്ക് ഇപ്പോള്‍ ബാങ്കുമായി ഒരു ബന്ധവുമില്ലെന്നും കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആമിനക്കുട്ടില്‍ ബാങ്കില്‍ നിന്ന് പിരിഞ്ഞുപോയെന്നും കുറ്റിപ്പുറം കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ അധികൃതര്‍ പറയുന്നു.

ഒരു നിശ്ചിത തുകയോ സ്വര്‍ണമോ നിക്ഷേപിച്ചാല്‍ മാസത്തില്‍ 4500 രൂപ വരെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ്‌ നിക്ഷേപകരില്‍ നിന്ന് ആമിനക്കുട്ടി സ്വര്‍ണവും പണവും കൈക്കലാക്കിയത്‌. വാഗ്ദാനം ചെയ്ത ലാഭം അഞ്ചു മാസം വരെ നിക്ഷേപകര്‍ക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ ഇവരെ വിശ്വസിച്ച്‌ സ്വര്‍ണം ഏല്‍പിക്കുകയായിരുന്നു.

ശേഖരിച്ച സ്വര്‍ണങ്ങള്‍ ആമിനക്കുട്ടി സഹോദരി സുബൈടയുടെ പേരില്‍ പല ബാങ്കുകളിലായി പണയം വെച്ചിരിക്കുകയാണ് എന്നറിയുന്നു‌. സ്വര്‍ണവും പണവും നല്‍കിയവര്‍ക്കെല്ലാം 1176 എന്ന അക്കൗണ്ട്‌ നമ്പറില്‍ ബ്ലാങ്ക്‌ ചെക്കും മുദ്രകടലാസില്‍ സ്വര്‍ണം തിരിച്ചു ചോദിക്കുമ്പോള്‍ നല്‍കാമെന്നും എഴുതിനല്‍കിയിരുന്നു.

പുന്നയൂര്‍കുളം പൂക്കയില്‍ മറിയയുടെ നാലു ലക്ഷം രൂപയും 90 പവനുമാണ്‌ ഇത്തരത്തില്‍ നഷ്ടപ്പെട്ടത്‌. 2008 മുതല്‍ 2009 നവംബര്‍ മാസം വരെയുള്ള കാലയളവിലാണ്‌ ഇവര്‍ സ്വര്‍ണവും പണവും ആമിനക്കുട്ടിക്ക്‌ നല്‍കിയത്‌. മന്ദലാംകുന്ന്‌ നൂര്‍ജഹാനില്‍ നിന്ന് 50 പവനും പുഴിക്കള കബീറില്‍ നിന്ന്‌ അഞ്ച്‌ ലക്ഷം വേറെയും കൈക്കലാക്കി. ആമിനക്കുട്ടി എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് കൈമലര്‍ത്തുന്നു.