100 കോടിയുടെ അഴിമതി ആരോപണം മന്ത്രി കെ ബാബു നിഷേധിച്ചു

ചൊവ്വ, 19 മാര്‍ച്ച് 2013 (09:57 IST)
PRO
PRO
തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള 100 കോടി രൂപയുടെ അഴിമതി ആരോപണങ്ങള്‍ എക്സൈസ് മന്ത്രി കെ ബാബു നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും എല്‍ ഡി എഫില്‍ മുന്‍ മന്ത്രി മദ്യ വില കൂട്ടാന്‍ ആവശ്യപ്പെട്ടതായും മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. പി കെ ഗുരുദാസനാണ് മദ്യ വിലകൂട്ടാന്‍ ആവശ്യപ്പെട്ടതെന്നും കെ ബാബു പറഞ്ഞു.

സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കാന്‍ യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നും ഹോളോഗ്രാം സിറ്റക്കറുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ സിഡിറ്റ് തന്നെയാണ് സ്വകാര്യകമ്പനിക്ക് നല്‍കിയതെന്നും കെ ബാബു വിശദീകരിച്ചു. നിയമസഭയില്‍ ബാബു എം പാലിശ്ശേരി എംഎല്‍എയാണ് ഇക്കാര്യം രേഖാമൂലം ഉന്നയിച്ചത്. ബജറ്റ് ചര്‍ച്ചക്കിടെയായിരുന്നു ആരോപണം.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബാബു ആവശ്യപ്പെട്ടു. വില നിശ്ചയിക്കാന്‍ മദ്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് തുക കൈപ്പറ്റിയത്. ദുബായില്‍ വെച്ചാണ് തുക കൈമാറിയത്. മദ്യവ്യവസായി വിജയ് മല്യ ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഷാഫി മേത്തറിന് തുക കൈമാറിയെന്നും ബാബു എം പാലിശ്ശേരി ആരോപിച്ചു. സര്‍ക്കാരിന് ഈയിനത്തില്‍ 40 കോടി രൂപ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക