“രാജിവച്ചാലും അയോഗ്യനാക്കും” - പി സി ജോര്‍ജ്ജിനെതിരെ മയമില്ലാതെ കേരളാ കോണ്‍ഗ്രസ്

Webdunia
ശനി, 24 ഒക്‌ടോബര്‍ 2015 (12:57 IST)
പി സി ജോര്‍ജ്ജ് എന്ന് രാജിവയ്ക്കും എന്നതാണ് രാഷ്ട്രീയകേരളം ഇപ്പോള്‍ ഉറ്റുനോക്കുന്ന കാര്യം. എത്രയും പെട്ടെന്ന് രാജിവയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരമെങ്കിലും കൃത്യമായ ഒരു തീയതി ഇതുവരെയും ജോര്‍ജ് അറിയിച്ചിട്ടില്ല. ജോര്‍ജ്ജിനെതിരായ തെളിവെടുപ്പ് ഇനി ഞായറാഴ്ചയാണ് നടക്കുന്നത്. അതിനുശേഷം ജോര്‍ജ് തന്‍റെ രാജിനിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. എന്നാല്‍ അയോഗ്യനാക്കുന്നതിനുമുമ്പ് രാജിവച്ചാലൊന്നും അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
 
പി സി ജോര്‍ജ് എം‌എല്‍‌എ സ്ഥാനം രാജിവച്ചാലും കേസ് തുടരുമെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉള്‍പ്പടെയുള്ളവര്‍ അറിയിക്കുന്നത്. രാജിവച്ചാലുടന്‍ അയോഗ്യതാക്കേസ് അവസാനിപ്പിക്കണമെന്ന് ചട്ടമൊന്നുമില്ലെന്നും ജോര്‍ജ് അയോഗ്യനാണെന്ന് വിധിയുണ്ടാകുമെന്നും മാണിവിഭാഗം നേതാക്കള്‍ കരുതുന്നു. മാത്രമല്ല, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്യമായി എല്‍ ഡി എഫ് വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ജോര്‍ജിനെതിരെ അയോഗ്യത കൊണ്ടുവരാന്‍ മറ്റ് തെളിവുകളൊന്നും വേണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
 
എന്നാല്‍ പുറത്താക്കുന്നതിനുമുമ്പ് രാജിവച്ച് രക്തസാക്ഷി പരിവേഷത്തോടെ എല്‍ ഡി എഫില്‍ ഇടം കണ്ടെത്താനാണ് പി സി ജോര്‍ജ്ജിന്‍റെ ശ്രമം. ഇടതുവേദികളില്‍ സജീവമാകുകയും അതിനിടയില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയും പിന്നീട് എല്‍ ഡി എഫ് പ്രവേശനം സുഗമമാക്കുകയും ചെയ്യുക എന്നതാണ് ജോര്‍ജിന്‍റെ തന്ത്രം.
 
പക്ഷേ, ഇടതുപാളയത്തിലെ പലരും പി സി ജോര്‍ജിന്‍റെ തിരിച്ചുവരവിനെ പരസ്യമായി തന്നെ എതിര്‍ക്കുന്നു എന്ന സത്യം നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ എല്‍ ഡി എഫില്‍ തിരിച്ചെത്താന്‍ ജോര്‍ജിന് കുറച്ചധികം ശ്രമം വേണ്ടിവന്നേക്കാം.