“മകരവിളക്ക് വഞ്ചന നിര്‍ത്തണം”

Webdunia
വെള്ളി, 21 ജനുവരി 2011 (09:27 IST)
WD
ശബരിമലയില്‍ മകരവിളക്ക് കൊളുത്തി അയ്യപ്പന്‍‌മാരെ വഞ്ചിക്കുന്നത് നിര്‍ത്തണമെന്ന് പന്തളം രാജ കുടുംബാംഗം രാജവര്‍മ്മ രാജ. ഒരു പ്രമുഖ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജവര്‍മ്മ രാജ മകരവിളക്ക് കൊളുത്തുന്നതിനെതിരെ രംഗത്ത് വന്നത്.

വിളക്ക് എവിടെ കണ്ടാലും തൊഴണം. എന്നാല്‍ പൊന്നമ്പലമേട്ടില്‍ വിളക്ക് കൊളുത്തി അതിന് ദൈവിക പരിവേഷം നല്‍കി ഭക്തരെ വഞ്ചിക്കരുത് എന്നാണ് പന്തളം രാജകുടുംബാംഗം പ്രതികരിച്ചത്.

അതേസമയം, ശബരിമല തന്ത്രി കുടുംബം മകരവിളക്ക് സംബന്ധിച്ച് നടക്കുന്ന കേസില്‍ കക്ഷി ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ നടക്കുന്ന വിവാദം അനാവശ്യമാണെന്നാണ് തന്ത്രി കുടുംബത്തിന്റെ നിലപാട്.

മകരവിളക്ക് വിവാദം വിശ്വാസത്തിന്റെ പ്രശ്നമായതിനാല്‍ ഇടപെടേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ദേവസ്വം ബോര്‍ഡ് തന്ത്രിമാരുമായും ആചാര്യന്‍‌മാരുമായും ആലോചിച്ച ശേഷമായിരിക്കും നിലപാട് സ്വീകരിക്കുക.