കൊല്ലത്ത് സമൂഹ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച ശ്രീ ശ്രീ രവിശങ്കര്‍ ‘എല്ലാവര്‍ക്കും സുഖം തന്നെയല്ലേ?’ എന്ന് മലയാളത്തില്‍ ക്ഷേമന്വേഷണം നടത്തിയത് കേട്ട് പതിനായിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി. മലയാളമറിയാത്ത ശ്രീ ശ്രീ മലയാളത്തില്‍ സംസാരിച്ചപ്പോള്‍ ഭക്തജനങ്ങളുടെ കണ്ണ് നിറഞ്ഞു. തുടര്‍ന്നുള്ള പ്രഭാഷണം ഇംഗ്ലീഷിലാണ് രവിശങ്കര്‍ നടത്തിയത്.
പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിവാഹിതരായ നവദമ്പതികളെ ഏറ്റവും മഹാഭാഗ്യം ലഭിച്ചവരെന്ന് ശ്രീ ശ്രീ ആശീര്‍വദിച്ചു. എല്ലാവരുടേയും സ്നേഹാദരങ്ങളില്‍ വിവാഹിതരായ നവദമ്പതികള്‍ സുഖത്തിലും സന്തോഷത്തിലും ഒരുമയോടെ കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തോടും സമൂഹത്തോടും രക്ഷകര്‍ത്താക്കളോടും കുട്ടികളോടുമുള്ള കടമയും ഉത്തരവാദിത്വവും ഒരിക്കലും മറക്കരുതെന്നും ശ്രീ ശ്രീ പറഞ്ഞു.
കടപ്പാക്കട ചെമ്മാന്‍മുക്കില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ തുറന്ന രഥത്തില്‍ ശ്രീശ്രീ രവിശങ്കറെ സ്വരലയ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 56 യുവതി യുവാക്കള്‍ക്കാണ് വിവാഹം നടന്നത്. ശ്രീ ശ്രീയാണ് കാര്‍മികത്വം വഹിച്ചത്. മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഇന്നു രാവിലെ ആശ്രാമം മൈതാനത്ത് മഹാസുദര്‍ശനക്രിയയ്ക്ക് ഗുരുജി നേതൃത്വം നല്‍കി. ഇന്നുവൈകിട്ട് കൊല്ലത്ത് നടക്കുന്ന മഹാരുദ്രാഭിഷേക പൂജയ്ക്ക് ശ്രീ ശ്രീ കാര്‍മികത്വം വഹിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ദമ്പതികള്‍ ഇതിനോടനുബന്‌ധിച്ച സങ്കല്‍പ്പ പൂജയില്‍ പങ്കെടുക്കും. ശ്രീ ശ്രീ നയിക്കുന്ന സത്‌സംഗ്, ധ്യാനം, ആനന്ദോല്‍സവം എന്നിവയും വൈകിട്ട് നടക്കും.