‘സിനിമാക്കാര്‍ ഒന്നോര്‍ക്കണം, നിങ്ങള്‍ ഇന്നനുഭവിക്കുന്ന പല നേട്ടങ്ങളും തമ്പുരാന്‍മാരോട് ദിലീപ് മുന്നില്‍ നിന്ന് പോരാടി വാങ്ങിയതാണ്‘ - വൈറലാകുന്ന കുറിപ്പ്

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (11:48 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ മേഖലയില്‍ ഉള്ളവര്‍ തന്നെ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ, പ്രസാദ് അടൂര്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദിലീപിന് അനുകുലമായി, കോടതി ശിക്ഷിക്കും വരെ അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നാണ് പ്രസാദ് പറയുന്നത്.
 
വൈറലാകുന്ന കുറിപ്പ്:
 
ദിലീപ് എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു..? 
 
എന്റെ അഭിപ്രായത്തെ എതിര്‍ക്കാനുള്ള ആരുടേയും അവകാശത്തെ ഞാന്‍ തള്ളിപ്പറയുന്നില്ല. എന്നെ അനുകൂലിക്കണമെന്നും ആഗ്രഹമില്ല. ഞാന്‍ ദിലീപിനെ വിശ്വസിക്കാനുള്ള കാരണങ്ങള്‍ പലതാണ്. നമ്മള്‍ കാണുന്ന മലയാള സിനിമാ വ്യവസായം നിയന്ത്രിക്കുന്നതും പ്രൊഡ്യൂസര്‍മാരും ആര്‍ട്ടിസ്റ്റുകളും മാത്രല്ല മുഖമറിയാത്ത ഒരുപാട് ആളുകള്‍ അതിന് പിന്നില്‍ ഉണ്ട്.
 
ഒരു കാലത്ത് പുതിയ സിനിമ റിലീസ് ചെയ്യുന്നത് 40 തീയറ്ററുകളില്‍ മാത്രമായിരുന്നു. ആരൊക്കെയായിരുന്നു ഈ നാല്‍പതു പേർ, ഒരു സംഘടനയിലെ പ്രമുഖരായ മുതലാളിമാര്‍ മാത്രം. പുതിയ ഒരു തീയറ്റര്‍ ഉണ്ടാക്കി ഒരു സിനിമ റിലീസിന് ചോദിച്ചാല്‍ ഈ സംഘടന ഒരിക്കലും നല്‍കില്ല. അതിന് ഉദാഹരണമായിരുന്നു തിരുവനന്തപുരത്തെ കഠിനംകളം എന്ന സ്ഥലത്ത് നിര്‍മ്മിച്ച VTracks സാന്ദ്രാസ് എന്ന തീയറ്റര്‍. ഈ തീയറ്ററിലെ സൗകര്യങ്ങള്‍ കണ്ടിട്ടാണ് അന്ന് സിനിമാ മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ കലാഭവന്‍ അടക്കമുള സര്‍ക്കാര്‍ തീയറ്ററുകള്‍ പുതുക്കിപ്പണിതത്.
 
അന്ന് ആ തീയറ്റര്‍ ഉൽഘാടനത്തിന് പുതിയ റിലീസ് ചിത്രം ആവശ്യപ്പെട്ടപ്പോള്‍ വിതരണം നിയന്ത്രിച്ചിരുന്ന പ്രമുഖ നേതാവ് പറഞ്ഞത്. താനാരാടോ. താനെവിടെയെങ്കിലും ഒരു തീയറ്റര്‍ ഉണ്ടാക്കിയേച്ചു വന്നാല്‍ തനിക്ക് പടം തരാന്‍ സൗകര്യമില്ല. തിരുവനന്തപുരത്ത് വേറെ ആളുകളുണ്ട് എന്നാണ്. ഒടുവില്‍ ഒരു പടവും കിട്ടാതെ ആ തീയറ്റര്‍ ഉടമ കാര്‍ത്തിയുടെ ഒരു തമിഴ്‌ പടം ട്രാവന്‍കൂര്‍ ഏരിയ വിതരണം ഏറ്റെടുത്തപ്പോള്‍ ചില മുതലാളിമാര്‍ അയാളെ ഭീഷണിപ്പെടുത്താന്‍ നോക്കിയതും ചരിത്രം. ഇതു ഞാൻ പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് ദിലീപ് അനുഭവിക്കുന്ന വേട്ടയാടലിന്റെ കാരണങ്ങള്‍.
 
നാല്‍പതു തീയറ്ററില്‍ നിന്ന് എണ്‍പതു തീയറ്ററിലേക്ക് റിലീസ് വ്യാപിപ്പിച്ചപ്പോള്‍. തീയറ്ററുകള്‍ ഗ്രേഡ് ചെയതപ്പോള്‍. പിന്നീട് വൈഡ് റിലീസിംഗ് വന്നപ്പോള്‍. പാവപ്പെട്ട ബി.സി, തീയറ്ററുകളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്നവരുടെ സംഘടനയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. സൂപ്പര്‍താരങ്ങള്‍ ആരെയും പിണക്കാത്ത നയം സ്വീകരിച്ചപ്പോള്‍ ദിലീപ് ഒറ്റയാനായി സിനിമയുടെ നിലനില്‍പിനും വേണ്ടി യുദ്ധം ചെയ്തു. അപ്പോള്‍ പല മുതലാളിമാരുടേയും തീയറ്ററുകള്‍ A/C പോലുമില്ലാതെ സി ക്ലാസിലേക്കും ബി ക്ലാസിലേക്കും പോയത് ആരുടെ കുറ്റമാണ്.
 
അന്നു മുതല്‍ ദിലീപിനെ തകര്‍ക്കാന്‍ അരയും തലയും മുറുക്കിയിരുന്നവര്‍ ഉണ്ടാവില്ലേ..? ഒരു പാവം ഗോപാലകൃഷ്ണന്‍ മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന തമ്പുരാന്‍മാര്‍ക്കെതിരെ നട്ടെല്ലു നിവര്‍ത്തി നിന്ന് മലയാള സിനിമയിലെ ഫ്യൂഡലിസത്തിന്റെ കടയ്ക്കല്‍ കത്തി വച്ചത് ആര്‍ക്ക് സഹിക്കും..? പള്‍സര്‍ സുനി പര്‍ച്ചേസ് ചെയ്യപ്പെട്ട ഒരു ഡബിള്‍ ഏജന്റാണോ എന്ന് സംശയിക്കേണ്ടത് ഇവിടെയാണ്. പിന്നെ ദിലീപ് ഇത് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കാനുള്ള മറ്റൊരു കാരണം സ്ത്രീ കളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഒരിക്കല്‍ നേരിട്ട് കണ്ടതുകൊണ്ടാണ്.
 
രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ അമ്മയെ ദിലീപ് സ്വന്തം മകനേപ്പോലെ സ്നേഹപൂര്‍വ്വം വിളിച്ചു കൊണ്ടുവന്ന് ചിത്രത്തിന് ദീപം തെളിയിച്ചത് എന്റെ മനസില്‍ തെളിഞ്ഞു നിൽക്കുന്നു. അങ്ങിനെ അമ്മയെ സ്നേഹിക്കുന്ന ഒരു മകന്‍ ഇത് ഒരിക്കലുo ചെയില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. ഒന്നോര്‍ക്കണം അമ്മയിലെ താരങ്ങളും. ഫെഫ്കയിലെ ടെക്നീഷ്യന്‍മാരും. തീയറ്ററുകാരില്‍ ഭൂരിഭാഗവും ഇന്നനുഭവിക്കുന്ന പല നേട്ടങ്ങളും തമ്പുരാന്‍മാരോട് ദിലീപ് മുന്നില്‍ നിന്ന് പോരാടി വാങ്ങിയതാണ്.
 
കുറ്റം ചെയ്തു എന്ന് കോടതി വിധി പറയുന്നതു വരെ ഞാന്‍ ദിലീപിനൊപ്പം ഉറച്ചു നില്‍ക്കും. എന്നെ ചീത്ത പറയാം. എതിര്‍ക്കാം. പക്ഷേ സിനിമാക്കാരേ, ദിലീപിനെ ഇനിയും വേട്ടയാടാന്‍ വിട്ടു കൊടുക്കരുത്. ഞാന്‍ ദിലീപിന്റെ സുഹൃത്തല്ല. അയാളുടെ സിനിമകള്‍ വര്‍ക്ക് ചെയ്തിട്ടില്ല. നാളെ അയാളുടെ ഡേറ്റും എനിക്ക് ഇതിന്റെ പേരില്‍ വേണ്ട. പക്ഷെ ഒറ്റതിരിഞ്ഞ് കൂട്ടത്തിലൊരുത്തനെ വേട്ടയാടി കൊല്ലുമ്പോള്‍ ഞാനൊരു നായെങ്കിലുമാവണ്ടേ.? ആ പ്രതിഷേധ കുരയാണിത്. പിന്നെ ഇതിന്റെ പേരില്‍ ആരും ഇങ്ങോട്ട് കുരയ്ക്കണ്ടാ...? നന്ദി
Next Article