‘ശാപവചനങ്ങളായി പുറത്തുവരുന്നത് ശത്രുക്കളുടെ നിരാശ’

Webdunia
ഞായര്‍, 23 മാര്‍ച്ച് 2014 (11:51 IST)
PRO
PRO
സിപിഎമ്മില്‍ ഇപ്പോഴുള്ള ഐക്യത്തില്‍ ആശങ്കാകുലരായ ശത്രുക്കളുടെ നിരാശയാണ്‌ ശാപവചനങ്ങളായി പുറത്തുവരുന്നതെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി പി ചന്ദ്രശേഖരന്‍ വധത്തിലടക്കം വി എസ്‌ അച്യുതാനന്ദന്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന്‌ അനുകൂലമായി നിലപാട്‌ തിരുത്തിയതിന്‌ എതിരെ ഉയരുന്ന ആരോപണങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ്‌ പിണറായിയുടെ പ്രസ്‌താവന.

കൂടുതല്‍ കരുത്തോടും ഐക്യത്തോടുമാണ്‌ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇതില്‍ പാര്‍ട്ടിയെ കൊത്തിക്കീറാന്‍ ശ്രമിക്കുന്ന ചിലര്‍ക്കുള്ള നിരാശയാണ്‌ ശാപവചനങ്ങളായി പുറത്തുവരുന്നതെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. നേരത്തേ ടിപി വധവും ലാവ്‌ലിന്‍ കേസും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരെ ശക്‌തമായി നിലപാടെടുത്തിരുന്ന പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ അടുത്ത ദിവസങ്ങളില്‍ നിലപാട്‌ തിരുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിലായിരുന്നു വിഎസിന്റെ നിലപാടുമാറ്റം. ടിപി കേസില്‍ പാര്‍ട്ടി നടത്തിയ അന്വേഷണം സത്യസന്ധമാണെന്നും ലാവ്‌ലിന്‍ കേസിലെ കോടതിരിധി അംഗീകരിക്കുന്നുവെന്നുമാണ്‌ വിഎസ്‌ പറഞ്ഞത്‌.

ഇതിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കളും ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിഎസിനെ പരോക്ഷമായി പിന്തുണച്ച്‌ പിണറായി രംഗത്തെത്തിയത്‌. നേരത്തേ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും വിഎസിനെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു.