ക്ലൈമാക്സില്‍ വീണ്ടും കലോത്സവത്തിന് കളങ്കം. കോഴിക്കോട് കലോത്സവത്തില്‍ സംഭവിച്ചതുപോലെ സ്വര്‍ണകപ്പിന്‍റെ മാതൃകയ്ക്ക് അംഗഭംഗം വരാതിരിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചെങ്കിലും ഒടുവില്‍ എല്ലാം നിഷ്ഫലമായി. മുത്തശ്ശിപത്രത്തിന്‍റെ ചാനലിന്‍റെ പ്രതിനിധികളാണ് ഇത്തവണ പ്രതിസ്ഥാനത്ത്.
കലാകിരീടം പന്ത്രണ്ടാം തവണയും സ്വന്തമാക്കിയ കോഴിക്കോട് ടീമിനെ തങ്ങളുടെ സ്റ്റുഡിയോയില്‍ ആദ്യമെത്തിക്കാനുള്ള ശ്രമമാണ് മാതൃക വീണ്ടും ഒടിയാന്‍ കാരണമായത്.
കോഴിക്കോട് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രമുഖ ചാനലുകളെല്ലാം കരുതലെടുത്തിരുന്നു. ഇവരുടെ ലേഖകര്‍ സ്വര്‍ണകപ്പ് പിടിവലിയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ചില പ്രാദേശിക ചാനലുകളും മലയാളത്തിലെ മുന്‍നിര വാര്‍ത്താചാനലും പിടിവലി തുടങ്ങിയതാണ് സ്വര്‍ണകപ്പിന്‍റെ മാതൃകയ്ക്ക് ഇത്തവണയും അംഗഭംഗം വരാന്‍ ഇടയായത്,
കഴിഞ്ഞവര്‍ഷം എതിരാളികളുടെ കൈയില്‍ സ്വര്‍ണകപ്പിന്‍റെ മാതൃക പൊട്ടിയപ്പോള്‍ ചൂടന്‍ വാര്‍ത്തയാക്കിയവര്‍ക്ക് ഇത്തവണ തങ്ങളുടെ സ്വന്തം സ്റ്റുഡിയോയില്‍ സ്വര്‍ണകപ്പ് മാതൃകയ്ക്ക് കോട്ടം സംഭവിക്കുന്നത് കാണേണ്ടി വന്നു. ഏതായാലും എതിരാളികള്‍ക്ക് പറ്റിയ അബദ്ധം ആഘോഷമാക്കുകയാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ വാര്‍ത്താചാനല്‍. ഈ റിപ്പോര്‍ട്ട് ഓരോ ബുള്ളറ്റിനിലും, ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൊടുക്കുകയാണ് അവര്‍.