‘ഭൂമികേരളം‘ ഉദ്ഘാടനം ഇന്ന്

Webdunia
ശനി, 21 ഫെബ്രുവരി 2009 (12:35 IST)
സംസ്ഥാനത്തെ റീസര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഭൂമികേരളം പദ്ധതിയുടെ ഉദ്ഘാടനം വയനാട്ടിലെ മാനന്തവാടിയില്‍ ശനിയാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കുമെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു.

കേന്ദ്ര വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് വനാവകാശരേഖ നല്‍കുന്ന പരിപാടിക്കും ഇതോടൊപ്പം തുടക്കമാകും. സംസ്ഥാനത്തെ മുപ്പത്തേഴായിരത്തോളം ആദിവാസികള്‍ക്ക് ഈ വര്‍ഷാവസാനത്തോടെ വനാവകാശരേഖ നല്‍കുമെന്നും റവന്യൂമന്ത്രി അറിയിച്ചു.

വയനാട്‌ ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ഭൂമി സര്‍വേ ചെയ്‌ത് വിതരണയോഗ്യമാക്കുകയാണു ഭൂമികേരളം പദ്ധതി ആദ്യം ഏറ്റെടുത്തത് നടപ്പാക്കിയത്. ഇതില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ ആദിവാസി കോളനികളുടെ സര്‍വ്വേ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും 1200 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി തയ്യാറാക്കുകയും ചെയ്തെന്ന് മന്ത്രി അറിയിച്ചു.

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ കൈവശമുള്ള ഭൂമിയുടെ സര്‍വേ പൂര്‍ത്തിയാക്കാനും ലക്‌ഷ്യമിട്ടിട്ടുണ്ട്‌. 'ഭൂമി കേരളം' പദ്ധതിയുടെ ഓരോ ഘട്ടത്തിലും സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കും. ആധുനിക സാങ്കേതിക വിദ്യ സംയോജിപ്പിച്ചു കൊണ്ടുള്ള സര്‍വ്വേയാണ് ഭൂമി കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അയ്യായിരത്തോളം യുവാക്കള്‍ക്ക് ആധുനിക സര്‍വ്വേ സാങ്കേതിക വിദ്യയില്‍ പ്രവൃത്തിപരിചയവും ഭൂമി കേരളം പരിപാടിയിലൂടെ നല്‍കും. മാനന്തവാടി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന 'ഭൂമി കേരളം' ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായിരിക്കും.