‘ഭരണം ഉള്ളതുകൊണ്ട് എന്തുമാവാമെന്നാണ് പ്രതീക്ഷ’

Webdunia
വെള്ളി, 2 ജൂലൈ 2010 (11:52 IST)
PRO
ഭരണം ഉള്ളതുകൊണ്ട് സംസ്ഥാനത്ത് എന്തുമാവാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷയെന്നും ഇതു നടപ്പാവില്ലെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും അവിടെ തിങ്കളാഴ്ച രണ്ടാമത്തെ ഹര്‍ത്താല്‍ ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജുഡീഷ്യറിയെ അധികാരം ഉപയോഗിച്ച് അവഹേളിക്കുകയാണ് ഇടതുമുന്നണി ചെയ്യുന്നത്. ഇതിനൊക്കെ എതിരെയുള്ള ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോടതിക്കെതിരെ സിപിഎം അണികളെ കയറൂരി വിടുകയാണെന്ന്‌ ഉമ്മന്‍ ചാണ്‌ ടി ആരോപിച്ചു. റോഡ്‌ തടഞ്ഞും ജഡ്ജിമാര്‍ക്കെതിരെ വായില്‍ത്തോന്നിയതെല്ലാം വിളിച്ചുമാണ്‌ കോടതിവിധിക്കെതിരെ പ്രതിഷേധിക്കുന്നത്‌.

പൊതുനിരത്തിലെ പൊതുയോഗങ്ങള്‍ സാംബന്ധിച്ചുള്ള ഹര്‍ജി കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കാതിരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു അവസ്ഥ വന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കോടതിയോട്‌ അഭിപ്രായ വ്യത്യസമുണ്‌ടെങ്കില്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെയാണ്‌ പരിഹാരം കാണേണ്‌ടത്‌. കേരളത്തില്‍ സി പി എമ്മിന്‍റെ ഫാസിസ്റ്റ്‌ നിലപാടുകള്‍ നടക്കില്ലെന്ന്‌ മുന്നറിയിപ്പ്‌ നല്‍കാനാണ്‌ സഭ സ്തംഭിപ്പിച്ചതെന്നും ഉമ്മന്‍ ചാണ്‌ടി കൂട്ടിച്ചേര്‍ത്തു.