‘പ്രധാനമന്ത്രി കാസര്‍ഗോഡ് സന്ദര്‍ശിക്കും’

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2011 (15:54 IST)
PRO
PRO
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അടുത്ത തവണ കേരളത്തില്‍ എത്തുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഐസിഎംആര്‍ നടത്തുന്ന പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്‌ പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഈ റിപ്പോര്‍ട്ടിന് ശേഷം നിരോധനത്തെക്കുറിച്ച് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു‍‌.

എന്നാല്‍ പ്രതിപക്ഷത്തോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാനെതിരെ ഉപവാസ സമരം നടത്തുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ്‌ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.