പീതാംബര കുറുപ്പ് എംപി തന്നെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് ശ്വേത പൊലീസില്‍ മൊഴി നല്‍കി. കൊല്ലം ഈസ്റ്റ് പൊലീസാണ് ശ്വേതയില്‍ നിന്നും മൊഴിയെടുത്തത്. പീതാംബരക്കുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളും അപമാനിച്ചതായി ശ്വേത മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ കൊല്ലത്തെ ഒരു പ്രമുഖ വ്യവസായ പ്രമുഖനാണെന്ന് സൂചനയുണ്ട്.
സിഐ സിസിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയില്‍ എത്തി ഒന്നര മണിക്കൂര്‍ നേരം മൊഴിയെടുത്തത്. അന്വേഷണ സംഘത്തിനു പരാതി നല്‍കിയതിനു ശേഷം ശ്വേത ബംഗളുരുവിലേയ്ക്കു പോയി.
പൊതുവേദിയില്‍ തനിക്കുണ്ടായ അപമാനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി എഴുതി നല്‍കുമെന്ന് ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു. പരാതിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും തനിക്കുണ്ടായ അപമാനം മറക്കാനാകില്ലെന്നും ശ്വേത പറഞ്ഞു.
തന്നെ വേദനിപ്പിച്ചതില്‍ ഒന്നില്‍ അധികം പേരുണ്ടെന്നും എല്ലാ കാര്യങ്ങളും പരാതിയില്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ഫോണില്‍ വിളിച്ച് പരാതി പറഞ്ഞെന്ന ശ്വേതാ മേനോന്റെ ആരോപണം ജില്ലാ കളക്ടര്‍ വീണ്ടും നിഷേധിച്ചു. ഒരു ഫോണിലൂടെയും ശ്വേത തന്നെ വിളിച്ച് പരാതി പറഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ വി മോഹനന്‍ പറഞ്ഞു. ശ്വേതയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ വീണ്ടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിനു കൈമാറിയേക്കും.
കൊല്ലത്തു നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയുടെ വേദിയിലാണ് ശ്വേതയ്ക്ക് നേരെ അപമാനശ്രമം നടന്നത്. ദൃശ്യങ്ങളില്‍ അപമാനിക്കാന്‍ ശ്രമിച്ചത് പീതാംബര കുറുപ്പ് എം.പിയാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഈ ആരോപണം നിഷേധിച്ചു. എന്നാല്‍ എല്ലാ മാധ്യമങ്ങളിലും ശ്വേത കാറില്‍ ഇറങ്ങിയതു മുതലുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാണ് ശ്വേതയെ ശല്യപ്പെടുത്തിയത് പീതാംബര കുറുപ്പ് എം.പി തന്നെയാണെന്ന്.