‘പി എസ്‌ സി ഓഫിസില്‍ നിരങ്ങാന്‍ ആരെയും അനുവദിക്കില്ല’

Webdunia
ശനി, 11 ഡിസം‌ബര്‍ 2010 (14:50 IST)
ആരെങ്കിലും എന്തെങ്കിലും പരാതി നല്‍കിയെന്ന പേരില്‍ പി എസ് സി ഓഫിസില്‍ കയറി നിരങ്ങാന്‍ ഒരു പൊലീസുകാരനെയും അനുവദിക്കില്ലെന്നു ചെയര്‍മാന്‍ കെ വി സലാഹുദ്ദീന്‍. പി എസ് സി ഓഫിസില്‍ കയറാനോ പരിശോധിക്കാനോ പൊലീസിന്‌ അധികാരമില്ല.

സുപ്രീംകോടതി വരെ പോകേണ്ടിവന്നാലും അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസുകാരെ നിയമിക്കുന്നതും പി എസ് സിയാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

വ്യാജനിയമനങ്ങള്‍ താന്‍ വരുന്നതിനു മുമ്പു നടന്ന സംഭവമാണ്. അതൊക്കെ വേണ്ടപോലെ അന്വേഷിച്ചിട്ടുണ്ടാവും. ഈ കേസില്‍ ഒരു പുനര്‍വിചിന്തനവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ഥാപനത്തിന്‍റെ മുകളില്‍ കയറി കളിക്കാമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും കരുതണ്ട. തൊപ്പിയും തലയില്‍ വെച്ച്‌ ഇങ്ങോട്ടു വന്നാല്‍ ഒരു രേഖയും പരിശോധിക്കാന്‍ സമ്മതിക്കില്ല. ഇങ്ങോട്ടു കടത്തുകയുമില്ല. അതെല്ലാം ചെയ്യാന്‍ ഇവിടെ വിജിലന്‍സ്‌ ഉദ്യോഗസ്ഥരുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.