‘പിണറായി ഉണ്ടെങ്കില്‍ ഞാനുമുണ്ട്’ - വി എസ് ഒരുങ്ങിത്തന്നെ!

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2016 (19:43 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ മത്സരിക്കില്ല എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് വി എസ് പറയുന്നു.
 
പിണറായി ഉണ്ടെങ്കില്‍ താന്‍ ഇല്ല എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. അതിന് ഒരു അടിസ്ഥാനവുമില്ല. എല്‍ ഡി എഫ് ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും - വി എസ് വ്യക്തമാക്കി.
 
പിണറായി മത്സരിച്ചാല്‍ വി എസ് മത്സരരംഗത്തുണ്ടാകില്ലെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി എസ്.
 
“ബോധപൂര്‍വ്വം പാര്‍ട്ടി ശത്രുക്കളെ സഹായിക്കാന്‍ വേണ്ടിയാണോ ഇത്തരമൊരു അവാസ്തവം പ്രചരിപ്പിക്കുന്നത് എന്ന് സംശയിക്കണം. വരുന്ന തെരഞ്ഞെടുപ്പിനെ പാര്‍ട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി നേരിടും. എല്‍ ഡി എഫ് അധികാരത്തില്‍ വരും” - വി എസ് പറഞ്ഞു.