‘ചെന്നിത്തല കോടികള്‍ പിരിച്ചു‘

Webdunia
ബുധന്‍, 27 ഏപ്രില്‍ 2011 (15:29 IST)
PRO
PRO
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. ചെന്നിത്തല കോടിക്കണക്കിന്‌ രൂപയുടെ പിരിവ്‌ നടത്തിയിട്ടുണ്ടെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു‍. എന്നാല്‍ ഇത് സംബന്ധിച്ച ഒരു രേഖയും കെ പി സി സിയ്ക്ക് നല്‍കിയിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചെന്നിത്തല പിരിച്ച പണത്തിന്റെ കണക്ക് വ്യക്തമാക്കണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ പുറത്താക്കിയത് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. കിട്ടിയാല്‍ അപ്പീല്‍ നല്‍കും. താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ പാര്‍ട്ടി പുറത്താക്കി. ആറ് വര്‍ഷത്തേക്ക് രാമചന്ദ്രന്‍ മാസ്റ്ററെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമചന്ദ്രന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്താക്കലിലേക്ക് വഴിവച്ചത്. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ രാമചന്ദ്രന്‍ മാസ്റ്റര്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

അഴിമതിക്ക്‌ താന്‍ കൂട്ടു നില്‍ക്കാത്തതിനാലാണ്‌ തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അന്ന്‌ ഫോണില്‍ വിളിച്ച്‌ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാസ്റ്റര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസില്‍ പേയ്മെന്റ്‌ സീറ്റ്‌ നല്കിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ആരോപിച്ചിരുന്നു.