കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ അധികം രാഷ്ട്രീയം കലര്‍ത്താതെ പിണറായി വിജയന്റെ പ്രസംഗം. കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ നിരാശ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോമാന്‍ ഇ ശ്രീധരനേയും കൊച്ചി മെട്രോയുടെ പണിപൂര്‍ത്തിയാക്കാന്‍ ഏറ്റവും അധികം കഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളേയും പിണറായി വിജയന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദമാക്കാനുള്ള ആദ്യ പടിയായിരുന്നു ഇ ശ്രീധരനും പ്രതിപക്ഷ നേതാവിനും വേദിയില്‍ സ്ഥാനമില്ലയെന്ന വാദം. എന്നാല്‍ അത് വിവാദം ആക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ നിരാശയായിരിക്കും. മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത്തെന്നും പിണറായി പറഞ്ഞു. അതോടൊപ്പം മെട്രോയ്ക്ക് വേണ്ടി പണിയെടുത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും മെട്രോയില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം കെഎംആര്‍എല്ലിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മെട്രോ റെയില്‍ ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാകുന്നത്. കേരളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സംസ്ഥാനം ആണെന്ന സന്ദേശം ആണ് ഇത് വഴി നല്‍കുന്നതെന്നും പിണറായി പറഞ്ഞു. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ കുറച്ച് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ അങ്ങനെ കുറച്ച് പേര്‍ ബുദ്ധിമുട്ടിക്കോട്ടെ എന്നതല്ല സംസ്ഥാന സര്‍ക്കാരിന്റെ സമീപനം. ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരവും വേണ്ടിവന്നാല്‍ പുനരധിവാസവും സാധ്യമാക്കും എന്നും പിണറായി വ്യക്തമാക്കി.