‘ഒരേ ദിവസം രണ്ട് ബഞ്ചുകള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അപൂര്‍വം, സരിതയുടെ രഹസ്യമൊഴി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും അറിഞ്ഞു‘ : പിണറായി വിജയന്‍

Webdunia
ചൊവ്വ, 23 ജൂലൈ 2013 (15:12 IST)
PRO
ഹൈക്കോടതിയില്‍ കണ്ടത് അപൂര്‍വദൃശ്യങ്ങളെന്നും ഒരേ ദിവസം രണ്ട് ബഞ്ചുകള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും അപൂര്‍വമാണെന്നും സിപി‌എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച ജുഡീഷ്യല്‍ അന്വേഷണം മതിയെന്നും ഇനി ഒരുനിമിഷംപോലും ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സരിതയുടെ രഹസ്യ മൊഴി എടുക്കുമ്പോള്‍ അഡ്വക്കേറ്റും, സരിതയുടെ കൂടെ വനിതാപൊലീസുമുണ്ടായിരുന്നുവെന്നും ഈ വനിതാ പൊലീസിനെ പൊലീസ് ഹെഡ്ക്വാര്‍ടേഴ്സിലേക്ക് വിളിച്ചുവെന്നും തിരുവഞ്ചൂരും ഉമ്മന്‍‌ചാണ്ടിയും രഹസ്യമൊഴിയെപ്പറ്റി മനസിലാക്കിയെന്നുമാണ് പറയപ്പെടുന്നതെന്നും ഇതിനെത്തുടര്‍ന്നാണ് ഒരു ഡിവൈ‌എസ്പി അവതരിച്ച് മൊഴി എഴുതി എടുക്കാ‍ന്‍ അനുവദിക്കാതെ കോതമംഗലം കോടതിയിലേക്ക് കൊണ്ടുപോയതെന്നും പിണറായി ആരോപിച്ചു.

കുരുവിളയുടെ പ്രശ്നമാണ് ഹൈക്കോടതി ബഞ്ച് ഉന്നയിച്ചതെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗൌരവമായ കാര്യമാണെന്നും ഈ സാഹചര്യത്തില്‍ എന്ത് അന്വേഷണമാണ് നടത്തിയതെന്നും കോടതി ചോദിച്ചു.

ശാലുമേനോന്റെ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഒരു ബഞ്ച് ചോദ്യം ഉന്നയിച്ചത് എന്തിനാണ് ഒരു മാസമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്നതിന്റെ കാരണമെന്നും കോടതി ചോദിച്ചു.എന്തിനാണ് സരിതയുടെ മൊഴി എടുക്കുന്നത് തടയാന്‍ ശ്രമിക്കുന്നതെന്നും എഡിജിപി ഹേമചന്ദ്രനെയും ഡിജിപിയെത്തന്നെയും വിളിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

അധികാരസ്ഥനങ്ങളീലിരിക്കുന്നവരെക്കുറിച്ച് കോടതിക്ക് സംശയം തോന്നിയാല്‍ അവര്‍ ആ സ്ഥാനങ്ങളിലിരിക്കില്ലെന്നും കോടതി വിധി വന്നാല്‍ മാത്രം രാജിവെക്കാമെന്ന നിലപാട് അപഹാസ്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് പണം കൈമാറ്റമെന്ന കുറ്റകൃത്യം നടന്നതെന്നും ജോപ്പനേക്കാള്‍ മുന്‍പ് ഈ കേസില്‍ പ്രതിയാകേണ്ടത് മുഖ്യമന്തിയാണെന്നും രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പിണറായി പറഞ്ഞു.

ഒരുപാട് നാറാന്‍ നില്‍ക്കാതെ രാജിവെയ്ക്കുന്നതാണ് ഉമ്മന്‍ ചാണ്ടിക്ക് നല്ലത്. വാക്കാല്‍ പരാമര്‍ശം വന്നാലുടന്‍ രാജിവെയ്ക്കുന്ന നീതിബോധം ഭരണാധികാരിക്ക് ഉണ്ടാകണം. വിധി വന്നാല്‍ മാത്രമേ രാജിവെയ്ക്കൂ എന്ന് പറയുന്നത് നീതിബോധം ഇല്ലാത്തതുകൊണ്ടാണെന്നും പിണറായി ആരോപിച്ചു.