‘എല്‍ ഡി എഫ്‌ വന്നാല്‍ വയസ്സന്‍ മുഖ്യമന്ത്രി’

Webdunia
ശനി, 9 ഏപ്രില്‍ 2011 (13:20 IST)
PRO
PRO
യുവാക്കളും പരിചയസമ്പന്നരും അടങ്ങുന്ന ഒരു നിരയെയാണ് യു ഡി എഫ് മത്സരരംഗത്തിറക്കിയിരിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. യു ഡി എഫ്‌ അധികാരത്തിലെത്തിയാല്‍ യുവത്വത്തിനും പരിചയസമ്പന്നതക്കും ഒരു പോലെ അവസരം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ 93 വയസുള്ള ആളായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച സംസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധി കൊച്ചില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കേരളത്തിലെ വ്യവസായ മേഖലയെ മുന്നോട്ടു നയിക്കാന്‍ ഇടത് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന്‌ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഐ ടി മേഖലയിലും കേരളം പുറകോട്ടാണെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചു. കേരളീയര്‍ അവരുടെ കഴിവ്‌ ഇവിടെ ഉപയോഗിക്കുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും മലയാളികള്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്നുണ്ട്. ഐ ടി വ്യവസായത്തിന്റ് ഉന്നതി ഇല്ലാതെ ഒരു സംസ്ഥാനത്തിനും വികസിക്കാനാവില്ല. കേരളത്തിലെ സര്‍ക്കാര്‍ സാമ്പത്തിക പുരോഗതിയ്ക്കും മുന്‍‌ഗണന നല്‍കുന്നില്ല.
എല്‍ ഡി എഫ് പാര്‍ട്ടിക്കാണ് മുന്‍‌ഗണന നല്‍കുന്നത്, ജനത്തിനല്ല. എന്നാല്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ അക്രമരാഷ്‌ട്രീയം നിറഞ്ഞാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.