ഹൈക്കമാന്‍ഡിനോടുള്ള പ്രതിഷേധം പുകയുന്നു; സോണിയയെ സ്വീകരിക്കാ‍ന്‍ മുഖ്യമന്ത്രി എത്തിയില്ല

Webdunia
വെള്ളി, 14 ഫെബ്രുവരി 2014 (18:12 IST)
PRO
PRO
ഹൈക്കമാന്‍ഡിനോടുള്ള സംസ്ഥാന നേതൃത്വത്തിന്റെ പ്രതിഷേധം പുകയുന്നു. കേരളം സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയില്ല. തന്റെ നിര്‍ദേശം മാനിക്കാതെ വി എം സുധീരനെ കെപിസിസി അധ്യക്ഷനായി നിയോഗിച്ചതിലുള്ള മുഖ്യമന്ത്രിയുടെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് സോണിയയെ സ്വീകരിക്കാന്‍ എത്താതിരുന്നതും.

മലപ്പുറം ജില്ലയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി സോണിയയെ സ്വീകരിക്കാന്‍ കൊച്ചി നേവല്‍ ബേസില്‍ എത്താതിരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാളെ കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

സോണിയയെ സ്വീകരിക്കാന്‍ എന്തു കൊണ്ടാണ് മുഖ്യമന്ത്രി എത്താതിരുന്നതെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചത്. സോണിയക്ക് ഇന്ന് കേരളത്തില്‍ ഔദ്യോഗിക പരിപാടികളൊന്നുമില്ല. കൊച്ചി നേവല്‍ ബേസില്‍ വന്നിറങ്ങിയ സോണിയ മറ്റൊരു വിമാനത്തില്‍ ലക്ഷദ്വീപിലേയ്ക്ക് പോയി.

തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നിട്ടും വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിനും മുഖ്യമന്ത്രി എത്തിയിരുന്നില്ല. വാര്‍ത്താ ചാനലുകള്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കി തുടങ്ങിയമ്പോള്‍ ചടങ്ങ് പൂര്‍ത്തിയായശേഷം അദ്ദേഹം സുധീരനെ സന്ദര്‍ശിക്കാനെത്തി.