ഹെല്‍‌മറ്റ് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2013 (09:31 IST)
PRO
PRO
ഹെല്‍‌മറ്റ് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. വെട്ടുകാട്‌ ആശാദീപം റോഡില്‍ വെട്ടിയാട്ടില്‍ രാഹുലിനാണ്‌ (26) പരുക്കേറ്റത്‌. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രാഹുല്‍ ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

വീടിന് രണ്ടു കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം യാത്രയ്ക്കിടെ ഹെല്‍മറ്റ്‌ ഉഗ്രശബ്ദത്തോടുകൂടി പൊട്ടുകയായിരുന്നു. ഉടനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ചു. അപകടത്തെത്തുടര്‍ന്ന് കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ചോര ഒലിച്ചിറങ്ങിയിരുന്നതായി രാഹുല്‍ പറയുന്നു.

രാഹുലിന്റെ മൂക്കിന്റെ എല്ല്‌ പൊട്ടിയിട്ടുണ്ട്‌. മുഖത്തു ശക്‌തമായ ആഘാതം ഏറ്റതാണു പരുക്കിനു കാരണമെന്നാണു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഹെല്‍മറ്റ്‌ രണ്ടു വശത്തും വിണ്ടുകീറിയ നിലയിലാണ്‌. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെല്‍മറ്റാണു പൊട്ടിത്തകര്‍ന്നത്‌. ഇതിന്‌ ഐഎസ്‌ഐ മുദ്രയുണ്ട്‌. ഹെല്‍‌മറ്റ് രണ്ട് മണിക്കൂറോളം വെയിലത്ത് വച്ചിരുന്നതായി രാഹുല്‍ പറഞ്ഞു.