ഹാലിമിനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ഉത്തരവ്

Webdunia
ശനി, 25 ജൂലൈ 2009 (12:45 IST)
കോഴിക്കോട്‌ ഇരട്ട സ്ഫോടന കേസിലെ മൂന്നാം പ്രതി അബ്‌ദുള്‍ ഹാലിമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച മുതലാണ് ഹാലിമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുക്കുക.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ വിഭാഗം തലവന്‍ എസ്പി ഡി രാജനാണ് ഹാലിമിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

എറണാകുളം കളക്ടറേറ്റിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാലിമിനെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്‌ കോടതി കഴിഞ്ഞ ദിവസം 14 ദിവസത്തേയ്ക്ക്‌ റിമാന്‍ഡു ചെയ്തിരുന്നു. ഹാലിമിനെ കേന്ദ്ര രഹസ്യാനേഷണ ഏജന്‍സികളായ ഐ ബിയും, റോയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

രാജ്യാന്തര ബന്ധമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ പ്രധാന കണ്ണിയും കോഴിക്കോട്‌ ഇരട്ട സ്‌ഫോടന കേസിലെ മുഖ്യ പ്രതികളിലൊരാളുമാണ് ഇയാള്‍ക്ക്, കളമശേരി ബസ്‌ കത്തിക്കല്‍ കേസിലും, വിനോദ് കൊലക്കേസ്, ആസാദ് കൊലക്കേസ് എന്നിവയിലും പങ്കുണ്ട്.