ഹാലിമിനായുള്ള ജാമ്യഹര്‍ജി ഇന്ന്

Webdunia
തിങ്കള്‍, 25 ജനുവരി 2010 (10:58 IST)
PRO
PRO
കോഴിക്കോട്‌ ഇരട്ട സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി അബ്‌ദുള്‍ ഹാലിമിന്‌ ജാമ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഇന്നു പരിഗണിക്കും. സി ബി ഐ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു ഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഹാലിമിന്‍റെ അഭിഭാഷകനു കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌ തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചത്‌.

കേസുമായി ബന്ധപ്പെട്ട് ഹാലിം അറസ്റ്റിലായിട്ട് 180 ദിവസം കഴിഞ്ഞു. എന്നിട്ടും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) അന്വേഷണങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹാലിമിന്‍റെ ബന്ധുക്കളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഫെബ്രുവരി രണ്ടു വരെ കോടതി റിമാന്‍ഡ്‌ ചെയ്‌ത ഹാലിം ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്‌. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ മൂന്നാം പ്രതിയാണ് അബ്‌ദുള്‍ ഹാലിം.