തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറിലെ അശാസ്ത്രീയമായ ഡ്രഡ്ജിംഗ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചു. പുറക്കാട് പഞ്ചായത്ത് പത്താം വാര്‍ഡിലെ ജനങ്ങളാണ് ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലായത്. ആഴം കൂട്ടലിന്റെ പേരില്‍ ഹാര്‍ബറില്‍ നടന്ന ഡ്രഡ്ജിംഗിനെ തുടര്‍ന്ന് പ്രദേശത്തെ കുഴല്‍ക്കിണറുകളില്‍ ഉപ്പുവെള്ളം കലരുകയായിരുന്നു. ഹാര്‍ബറില്‍നിന്നും ഡ്രഡ്ജ് ചെയ്യുന്ന മണലും വെള്ളവും ഇതിന്റെ തെക്കുഭാഗത്തായാണ് കൂട്ടിയിട്ടിരിക്കുന്നത്.
മണല്‍ വീഴുമ്പോള്‍ ഇതിലൂടെ വരുന്ന ഉപ്പുവെള്ളം കിഴക്കോട്ട് ഒഴുകി വീടുകള്‍ക്ക് സമീപം കെട്ടിക്കിടക്കുകയോ മണ്ണിനടിയിലേക്ക് ഒലിച്ചിറങ്ങുകയോ ആണ് പതിവ്. നൂറുകണക്കിന് കുടുംബങ്ങളാണ് കുഴല്‍ക്കിണറിനെ ആശ്രയിച്ചിരുന്നത്. കടല്‍ അടുത്താണെങ്കിലും കുഴല്‍ക്കിണറിലൂടെ ലഭിക്കുന്നത് ഉപ്പു കലരാത്ത ശുദ്ധജലമായിരുന്നു.
വന്‍ കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ പോലും കിണറുകളില്‍ ഉപ്പുവെള്ളം കലര്‍ന്നിരുന്നില്ല. എന്നാല്‍ ഡ്രഡ്ജിംഗ് തുടങ്ങിയതോടെ കിണറുകളില്‍ ഉപ്പുവെള്ളം കയറുകയായിരുന്നു. ഇതോടെ ഇവിടുത്തെ മോട്ടോറുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമായിക്കഴിഞ്ഞു.