ഹര്‍ത്താലില്‍ മാറ്റമില്ല - കൃഷ്ണദാസ്

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2007 (16:01 IST)
വ്യാഴാഴ്ച ബി.ജെ.പി നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് അറിയിച്ചു. സംസ്ഥാന താത്പര്യത്തിന് വേണ്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പരുമല, മണ്ണാ‍റശാല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണെന്നും കൃഷ്ണദാസ് പറഞ്ഞു. പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമാണ്. ഈ ദിവസം തന്നെ സേലം ഡിവിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് തീരുമാനിച്ചത് മലയാളികളെ അപമാനിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ മലയാളികളുടെ ആത്മാഭിമാനത്തിനേറ്റ മുറിവെന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താല്‍ തികച്ചും സമാധാനപരമാക്കി മാറ്റാന്‍ എല്ലാവരും സഹകരിക്കണമെന്നും കൃഷ്ണദാസ് അഭ്യര്‍ത്ഥിച്ചു. പാല്‍, പത്രം, വിവാഹ പാര്‍ട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ മറ്റ്‌ അവശ്യ സര്‍വീസുകള്‍ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക്‌ ഒരു തരത്തിലും പ്രവര്‍ത്തകരില്‍ നിന്നും ബുദ്ധിമുട്ടുണ്ടാകരുതെന്ന്‌ പാര്‍ട്ടി ഘകടങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള വികസനത്തെ അട്ടിമറിച്ച്‌ സേലം ഡിവിഷന്‍ രൂപീകരിച്ചതിനെതിരെയും സംസ്ഥാനത്തെ വികസന താല്‍പര്യത്തെ ഒറ്റിക്കൊടുത്ത 29 എംപിമാര്‍ക്കുമെതിരെയും നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും കൃഷ്ണദാസ്‌ പറഞ്ഞു.