സ്വാശ്രയം: ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ തള്ളി

Webdunia
തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (17:53 IST)
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു നാലാഴ്ച സമയം കൂടി അനുവദിച്ചു. ഗ്യാരണ്ടി നല്‍കുന്ന വിദ്യാര്‍ഥികള്‍ക്കു കോളജില്‍ പ്രവേശനം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്‍റ് ക്വാട്ടയില്‍ സീറ്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നാലു വര്‍ഷത്തെ ഫീസിന് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മാനേജ്‌മെന്‍റ് ക്വാട്ടയിലെ പ്രവേശനത്തിന് ബാങ്ക് ഗ്യരണ്ടി നല്‍കണമെന്ന വ്യവസ്ഥയാണ് സ്റ്റേ ചെയ്തിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട 11 കോളജുകളാണ് ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദപരമായ ഈ വ്യവസ്ഥ ആദ്യം മുതല്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാലു വര്‍ഷത്തെ ഫീസിന് 22.5 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നായിരുന്നു വ്യവസ്ഥ.