ചെമ്പുകൊണ്ട് നിര്‍മ്മിച്ചശേഷം സ്വര്‍ണംപൂശിയ വളയാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് കലാഭവന്‍ മണി. 181 ഗ്രാം തൂക്കംവരുന്ന സ്വര്‍ണവള പിടികൂടിയ സംഭവത്തില്‍ നടന് കലാഭവന്‍ മണി നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അദ്ദേഹം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തിയത്.
വള നിര്‍മ്മിച്ച വ്യക്തിയെയും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. വള മുറിച്ച് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അധികൃതര്‍ നിരാകരിച്ചു.
കുവൈറ്റില്‍ നിന്ന് എത്തിയ മണിയുടെ 181 ഗ്രാം തൂക്കംവരുന്ന വള കഴിഞ്ഞയാഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തിരുന്നു. അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നതിനെക്കുറിച്ച് വിശദീകരണം നല്കാന് അധികൃതര്‍ മണിയോട് ആവശ്യപ്പെട്ടിരുന്നു.