നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും പങ്കുള്ളതായി സിബിഐ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യകണ്ണി ഫയിസ് സിനിമാ മേഖലയിലുള്ള പലര്‍ക്കും ഇതിനായി പരിശീലനം നല്‍കിയിരുന്നു എന്നാണ് വിവരം. ദുബായില്‍ നടന്ന താരനിശകളുടെ മറവില്‍ ഇവരെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്താനായിരുന്നു ശ്രമം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മിസ് സൌത്ത് ഇന്ത്യ ശ്രവ്യ സുധാകര്‍, ശൃംഖാരവേലന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജയ്സണ്‍ എളംകുളം, ഫാഷന്‍ കോറിയോഗ്രാഫറും മലയാളി ഹൌസ് താരവുമായ ഡാലു കൃഷ്ണദാസ് തുടങ്ങിയവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.
ഡാലു കൃഷ്ണദാസാണ് ഫയിസിനെ പരിചയപ്പെടുത്തിയതെന്നാണ് ശ്രവ്യ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. ശൃംഖാരവേലന്‍ സിനിമയ്ക്ക് വേണ്ടി ഫയിസ് പണം മുടക്കിയിരുന്നോ എന്നറിയാനാണ് ജയ്സണെ ചോദ്യം ചെയ്തത്. ഫയിസുമായും ശ്രവ്യയുമായും ബന്ധമുള്ള 15ഓളം മോഡലുകളും സിബിഐയുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍.
അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസും സിബിഐ ഏറ്റെടുത്തേക്കും. നിലവില്‍ കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. കേസ് അന്വേഷണത്തിന്റെ രേഖകളും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സിബിഐ കസ്റ്റംസിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.