സ്വഭാവദൂഷ്യം: രണ്ട് സി‌ഐമാരെ പുറത്താക്കും

ശനി, 19 ജനുവരി 2013 (20:29 IST)
PRO
PRO
സ്വഭാവദൂഷ്യമുണ്ടെന്നു തെളിഞ്ഞ രണ്ടു സിഐമാരെ സര്‍വീസില്‍നിന്ന് പുറത്താക്കും. സ്വഭാവദൂഷ്യമുള്ള പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ജേക്കബ് പുന്നൂസ് ഡിജിപി ആയിരുന്ന കാലത്ത് ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ എഡിജിപിമാരായ ടി പി സെന്‍കുമാര്‍, ഹേമചന്ദ്രന്‍, വിന്‍സന്‍ എം പോള്‍, എം ശങ്കര റെഡ്ഡി എന്നിവര്‍ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സിഐമാരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നത്.

തൃശൂരില്‍ ബസ്സില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനും തിരുവനന്തപുരത്ത് വനിതാ കമ്മീഷനില്‍ എത്തിയ പരാതിക്കാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം. സ്വഭാവദൂഷ്യമുള്ള പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കൂടാതെ മാഫിയ ബന്ധമുണ്ടെന്നു ബോധ്യപ്പെട്ട കൊല്ലത്തെ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം നല്‍കാനും തീരുമാനമായി. എഡിജിപി ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചാത്തന്നൂര്‍ എസിപി സന്തോഷ്‌കുമാര്‍, കൊട്ടാരക്കര ഡിവൈഎസ്പി കെ എം ആന്റോ, പുനലൂര്‍ ഡിവൈഎസ്പി ജോണ്‍കുട്ടി എന്നിവരെ സ്ഥലം മാറ്റാനാണ് ശിപാര്‍ശ. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടുത്ത ദിവസം സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.

ലഹരിക്ക് അടിമകളായ 32 പോലീസുകാരെ സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി ലഹരിമുക്തി നേടിയെന്ന സാക്‍ഷ്യപത്രം ഹാജരാക്കിയശേഷം സര്‍വീസില്‍ തിരിച്ചെടുക്കാനും സമിതി ശിപാര്‍ശ ചെയ്തു.

വെബ്ദുനിയ വായിക്കുക