സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസലടിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കം പാളി. സ്വകാര്യ പമ്പുകളില്‍നിന്നും ഡീസല്‍ വാങ്ങി പ്രതിസന്ധി താത്കാലികമായി പരിഹരിക്കാമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതിനായി 10 കോടി രൂപ മന്ത്രിസഭ വകയിരുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള സാങ്കേതിക തടസങ്ങള്‍ മൂലം തീരുമാനം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇതോടെ കെഎസ്‌ആര്‍ടിസി പ്രതിസന്ധിയിലാവാന്‍ സാധ്യതയേറി.
തിരുവനന്തപുരം ജില്ലയിലെ മിക്ക ഡിപ്പോകളിലും ഡീസല്‍ തീര്‍ന്നിരിക്കുന്ന അവസ്ഥയാണ്. മറ്റ് ജില്ലകളിലും ഇതേ അവസ്ഥയാണ് ഉള്ളത്. 11 മണിയോടെ ഡീസല്‍ വാങ്ങുമെന്നാണ് അറിവെങ്കിലും ലാഭകരമല്ലാത്ത റൂട്ടുകളില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചതായാണ് സൂചന.
മന്ത്രിസഭായോഗതീരുമാനം ഇതുവരെ ഉത്തരവായി വന്നിട്ടില്ല. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. മാത്രമല്ല സ്വകാര്യപമ്പുകളിലെ സ്ഥല ലഭ്യത സംബന്ധിച്ചും ഇവര്‍ക്ക് പണം നല്‍കുന്നതു സംബന്ധിച്ചമുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണ്. അതിനാല്‍ തന്നെ ഈ തീരുമാനം നടപ്പിലാകാന്‍ ദിവസങ്ങള്‍ എടുക്കും.
കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. നിലവില്‍ സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് ലിറ്ററിന് 17 രൂപയോളം അധികമായി നല്‍കിയാണ് കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങുന്നത്. പ്രതിദിനം 95 ലക്ഷം രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത്.
നേരത്തെ കെഎസ്ആര്‍ടിസി പമ്പുകള്‍ സപ്ലൈകോയ്ക്ക് നല്‍കി പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനമെടുത്തിരുന്നു. കെഎസ്ആര്‍ടിസിയുടെ 67 പമ്പുകള്‍ ഇതിനായി സപ്ലൈകോയ്ക്ക് വിട്ടുനല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഇക്കാര്യത്തിലും സാങ്കേതിക തടസങ്ങള്‍ ഉണ്ട്. ഇതിനായി കേന്ദ്ര അനുമതി ലഭ്യമാകേണ്ടതുണ്ട്. മാത്രമല്ല ഇതിനുവേണ്ടി എണ്ണകമ്പനികള്‍ കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിക്കണം.