സോളാര്‍ വിവാദം: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി

Webdunia
തിങ്കള്‍, 1 ജൂലൈ 2013 (09:14 IST)
PRO
മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി. ഇടതു യുവജനസംഘടനാ പ്രവര്‍ത്തകരാണ്‌ കരിങ്കൊടി വീശിയത്‌. മുഖ്യമന്ത്രി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ്‌ സംഭവം. തുടര്‍ന്ന്‌ പോലീസ്‌ പ്രതിഷേധക്കാരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി. ഇത്‌ റെയില്‍വേ സ്റ്റേഷനില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി. സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രവത്തകര്‍ പ്രക്ഷോഭം നടത്തുന്നത്.

ഇന്നലെ കോഴിക്കോട് നഗരത്തില്‍ രണ്ടിടത്തും ഐക്കരപ്പടിയിലും ദേശീയപാതയില്‍ കുന്ദമംഗലത്തും കൊടുവള്ളിയിലുമാണ് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്. ഒമ്പതുപേരെ അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കാര്‍മാര്‍ഗം കോഴിക്കോട്ടേക്ക് വരുകയായിരുന്ന മുഖ്യമന്ത്രിയെ മലപ്പുറം ജില്ലാതിര്‍ത്തിയായ ഐക്കരപ്പടിയില്‍ വെച്ചാണ് ഡിവൈഎഫ്ഐക്കാര്‍ ആദ്യം കരിങ്കൊടി കാട്ടിയത്.

പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുമുണ്ടായി. ചില വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ഉമ്മന്‍ചാണ്ടി കടന്നുപോയ ഉടന്‍ പിറകില്‍ വാനിലുണ്ടായിരുന്ന പൊലീസുകാരാണ് ലാത്തിവീശിയത്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രി, കൊണ്ടോട്ടി കുന്നുമ്മല്‍ പിഎച്ച്സി, ചുങ്കം ക്രസന്‍റ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കോഴിക്കോട് നഗരത്തില്‍ എഐവൈഎഫ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി വീശി.