സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന് വേണ്ടി കോടതിയില്‍ ഹാജരായത് ആലപ്പുഴ ഡിസിസി അംഗം. അഡ്വ ഗുല്‍സാറാണ് ബിജുവിന്റെ അഭിഭാഷകനായി അമ്പലപ്പുഴ കോടതിയില്‍ ഹാജരായത്. ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ബിജുവിന് വേണ്ടി ഹാജരായത് ജോലിയുടെ ഭാഗമായിട്ടാണെന്നാണ് അഡ്വ ഗുല്‍സാറിന്റെ പ്രതികരണം. കോടതി പരിസരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
ഇതേസമയം സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിജുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും ശാലുവിനെ ചോദ്യംചെയ്യുകയെന്നാണ് വിവരം. ഇതിനിടെ ബിജുവും സരിതയും ചേര്‍ന്ന് സംസ്ഥാനത്തുടനീളം വൃക്ക തട്ടിപ്പ് നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.