സോളാര്‍ കേസ് : സരിത എഴുതി നല്‍കിയ രഹസ്യമൊഴി കോടതിയില്‍

Webdunia
തിങ്കള്‍, 29 ജൂലൈ 2013 (12:01 IST)
PRO
സോളാര്‍കേസില്‍ സരിതയുടെ രഹസ്യമൊഴി എറണാകുളം സിജി‌എം കോടതിയില്‍ എത്തിച്ചു. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് മുദ്രവച്ചകവറിലാണ് പരാതി കോടതിയിലെത്തിച്ചത്. എറണാകുള അഡീഷണല്‍ സിജി‌എം കോടതിയിലാണ് മുന്‍ ഉത്തരവ് പ്രകാരം ജയിലധികൃതര്‍ സരിതയുടെ രഹസ്യമൊഴി എത്തിച്ചത്. കോടതി ഇന്ന് മൊഴി പരിഗണിക്കുമെന്നാണ് സൂചന.

അഡ്വ ഫെനി ബാലകൃഷ്ണന്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ വക്കാലത്ത് ഒഴിഞ്ഞിരുന്നുവെന്ന് അറിയിച്ചിരുന്നു. സരിതയുടെ പരാതിയില്‍ മാറ്റംവരുത്താന്‍ വിലപേശല്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

വീണ്ടും വക്കാലത്തെടുത്തതായി പറഞ്ഞ് അഭിഭാഷകന്‍ അട്ടക്കുളങ്ങര ജയിലിലെത്തി സരിതയെ കാണാന്‍ ശ്രമിച്ചുവെങ്കിലും ജയിലധികൃതര്‍ കാണാന്‍ അനുവദിച്ചില്ല.

സരിത കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്നത്‌ ഒരു കെട്ട്‌ നുണയാണെന്നും ഒരു രഹസ്യവും സൂക്ഷിക്കുന്നില്ലെന്നുമുള്ള എസിജെഎം പരാമര്‍ശം വന്‍‌വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

സരിതയെ ജയിലില്‍ നേരിട്ടു കണ്ട്‌ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

സരിതാ നായര്‍ക്ക്‌ നേരിട്ടു പരാതി എഴുതി നല്‍കാമെന്നും കോടതി പറഞ്ഞു. പരാതി അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട്‌ മുഖേന കോടതിയില്‍ സമര്‍പ്പിക്കാമെന്നും കോടതി വ്യക്‌തമാക്കി. അടുത്ത ബുധനാഴ്‌ചക്കകം പരാതി എഴുതി നല്‍കാമെന്നും എസിജെഎം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ജയില്‍ സൂപ്രണ്ട് പരാതി എഴുതി വാങ്ങിയത്.

സരിതയുടെ പരാതിയുടെ പകര്‍പ്പ് കോടതി പൊലീസിന് കൈമാറിയെന്നാണ് ഏറ്റവും അവസാ‍നം ലഭിക്കുന്ന വിവരം.