രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷ രാത്രി യുഡിഎഫ് നേതാക്കളുമായി കൂടികാഴ്ച നടത്തും.
സോണിയയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വേദികളുടെ സുരക്ഷാചുമതല ദിവസങ്ങള്‍ക്ക് മുമ്പേ എസ്പിജി ഏറ്റെടുത്തു.
മുന്നൂറിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സന്ദര്‍ശനം നടത്തുന്ന രണ്ട് ദിവസങ്ങളിലും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും
വൈകിട്ട് 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേന ഏരിയയില്‍ വന്നിറങ്ങുന്ന സോണിയാഗാന്ധി ഹെലികോപ്ടര്‍ മാര്‍ഗം നെയ്യാര്‍ ഡാമിലേക്ക് തിരിക്കും.
കോണ്‍ഗ്രസ് പദ്ധതിയായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം അവിടെ നിര്‍വ്വഹിക്കും. തുടര്‍ന്ന് 5 മണിക്ക് നഗരത്തില്‍ തിരിച്ചെത്തി പാളയത്ത് സ്ഥാപിച്ചിരിക്കുന്ന ആര് ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യും.
5.45 ന് കനകക്കുന്ന കൊട്ടാരത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം പദ്ധതിക്ക് സോണിയഗാന്ധി തുടക്കമിടുന്നത്. ആദ്യദിനം നാല് പരിപാടികളില്‍ പങ്കെടുക്കുന്ന സോണിയഗാന്ധി രാജ്ഭവനില്‍ തങ്ങും.
7.30 നു ശേഷമാണ് യുഡിഎഫ് നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയേക്കും.
നാളെ രാവിലെ 11.45ന് സെന്റര്‍ സ്റ്റേഡിയത്തില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉദ്ഘാടനം ചെയ്യും. 12.45ന് ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം ക്യാംമ്പസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് 1.45ന് ഡല്‍ഹിയിലേക്ക് മടങ്ങും.