സോളാര്‍ തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

Webdunia
ചൊവ്വ, 30 ജൂലൈ 2013 (20:48 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസിലെ ആദ്യ കുറ്റപത്രം തിരുവല്ലയില്‍ സമര്‍പ്പിച്ചു. പുളിക്കീഴില്‍ ഒരു ഡോക്‌ടറെ തട്ടിച്ച്‌ 4 ലക്ഷം തട്ടിയെന്ന പരാതിയില്‍ നടന്ന അന്വേഷണത്തിന്റെ കുറ്റപത്രം തിരുവല്ല സെക്കന്റ്‌ ക്‌ളാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ മുമ്പാകെയാണ്‌ സമര്‍പ്പിച്ചത്‌.

ഇതിനിടെ സരിത കോടതിക്ക്‌ മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്‌ പുറത്തു വന്നു. മന്ത്രിമാരുമായി തനിക്ക്‌ ഒരു ബന്ധവുമില്ലെന്നും തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്ന ചിലരും പ്രതിപക്ഷക്കാരും തന്നയും മന്ത്രിസഭയിലെ പ്രമുഖരേയും ചേര്‍ത്ത്‌ വാര്‍ത്തകള്‍ മെനയുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. വാസ്‌തവ വിരുദ്ധമായ വാര്‍ത്തകളാണ്‌ പ്രചരിക്കുന്നത്‌. ബിജുവും ശാലു മേനോനും തന്നെ വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

മനസ്സറിവില്ലാത്ത കേസിലാണ്‌ പെടുത്തിയിരിക്കുന്നത്‌. സോളാര്‍ കേസില്‍ താന്‍ പണമൊന്നും കൈപ്പറ്റിയിട്ടില്ല. പണം സ്വീകരിച്ചത്‌ ബിജുവാണെന്നും അത്‌ ശാലുവിന്‌ കൈമാറുക ആയിരുന്നെന്നും മൊഴിയില്‍ സരിത പറഞ്ഞിട്ടുണ്ട്‌. ബിജുവും ശാലുവും തന്നെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. വിചാരണയെന്ന പേരില്‍ കോടതികള്‍ തോറും കൊണ്ടു നടക്കുന്നത്‌ തനിക്ക്‌ അപമാനമാകുന്നു. വിഡിയോ കോണ്‍ഫറന്‍സ്‌ പോലെയുള്ള വിചാരണ നടത്തണമെന്നും സരിത എഴുതിനല്‍കിയ മൊഴിയില്‍ ആവശ്യപ്പെട്ടു.