സെഫിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2009 (09:00 IST)
അഭയാക്കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സം‌പ്രക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി സിസ്റ്റര്‍ സെഫി സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീപ്ജ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സി ഡികള്‍ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കേസിന്‍റെ വിധിവരുന്നതുവരെ ഇത്തരം നടപടികള്‍ വിലക്കണമെന്നും സെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എറണാകുളം സി ജെ എം കോടതി പ്രതിഭാഗത്തിന് കൈമാറിയ സിഡികളിലെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ സം‌പ്രേക്ഷണം ചെയ്തിരുന്നു. പൊതുരേഖയാക്കാതെ ഭദ്രമായി സൂക്ഷിക്കുന്ന നാര്‍കൊ സി ഡിയിലെ ദൃശ്യങ്ങള്‍ സം‌പ്രേക്ഷണം ചെയ്യരുതെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവിട്ടതിനെ തുടര്‍ന്ന് നാര്‍കൊ സി ഡിയിലെ ദൃശ്യങ്ങള്‍ പല ചാനലുകളും അപ്പോള്‍ തന്നെ പിന്‍‌വലിക്കുകയും ചെയ്തിരുന്നു.

അഭയ കൊല്ലപ്പെട്ട ദിവസം വൈദികര്‍ക്ക് വാതില്‍ തുറന്ന് കൊടുത്തത് താനാണെന്ന് സെഫി. സിസ്റ്റര്‍ അഭയയെ കോടാലി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഫാദര്‍ കോട്ടൂര്‍, പൂതൃക്കയില്‍ എന്നിവരുമായി സ്നേഹബന്ധമാണുണ്ടായിരുന്നതെന്നും സെഫി സി ഡിയില്‍ വ്യക്തമാക്കുന്നുണ്ട്.