സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെയുള്ള ഹര്‍ജി തള്ളി. കേസില്‍ കുര്യനെ പ്രതിചേര്‍ക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് തൊടുപുഴ സെഷന്‍സ് കോടതി വ്യക്തമാക്കി.
മുന്‍പ് പരിഗണിച്ച കേസാണിതെന്നും ഒരേ കേസില്‍ ഒരാള്‍ക്കെതിരെ ഒന്നിലേറെ തവണ വിചാരണ നടത്താവില്ലെന്നും പെണ്‍കുട്ടി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പരാതി ദുരുദ്ദേശപരമാണെന്ന് സുചനയുണ്ട്. കുര്യനെതിരെ പുതിയ തെളിവുകള്‍ പരാതിക്കാര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
കേസില്‍ പ്രതിയായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കാന്‍ കഴിയില്ല. മാത്രമല്ല, ധര്‍മ്മരാജന്‍ മൊഴി തിരുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.
ജില്ലാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ എം ആര്‍ രാജേന്ദ്രകുമാര്‍ പറഞ്ഞു. സമ്മര്‍ദത്തിന് വഴങ്ങിയാണ് ധര്‍മരാജന്‍ മൊഴി മാറ്റിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. അഡ്വ കെ വി ഭദ്രകുമാര്‍ , അഡ്വ അനില തോമസ് എന്നിവരും പെണ്‍കുട്ടിക്കും വേണ്ടി ഹാജരായി. പി ജെ കുര്യനുവേണ്ടി അഡ്വ കെ രാംകുമാര്‍ ഹാജരായി.