സൂര്യനെല്ലി കേസില്‍ ധര്‍മ്മരാജന് ജീവപര്യന്തം കഠിനതടവിന് ഹൈക്കോടതി ശിക്ഷ വിധിച്ചു. മറ്റ് പ്രതികള്‍ക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചു. ആകെയുള്ള 31 പ്രതികളില്‍ 7 പേരെ വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികളായ രാജുവിനും ഉഷയ്ക്കും 10 വര്‍ഷം വീതം തടവ് ലഭിച്ചു.
2005 ല്‍ ഹൈക്കോടതി തന്നെ ധര്‍മ്മരാജന്‍റെ ജീവപര്യന്തം തടവ് നാലു വര്‍ഷത്തെ തടവ് മാത്രമായി കുറച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി തന്നെ വീണ്ടും ഈ കേസ് പരിശോധിക്കുകയും ഇപ്പോള്‍ അസാധാരണമായ വിധി പ്രസ്താവിച്ചിരിക്കുകയുമാണ്.
ഈ കേസില്‍ പ്രതികളാരും കാരുണ്യം അര്‍ഹിക്കുന്നില്ല എന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുള്ള തെളിവുകളെല്ലാം നിലനില്‍ക്കുന്നതാണ്. 500 പേജിലേറെ നീളുന്ന മൊഴിയാണ് പെണ്‍കുട്ടി കോടതില്‍ നല്‍കിയിരുന്നത്. ഈ മൊഴി പൂര്‍ണമായും വിശ്വസനീയമാണെന്നും കോടതി പറഞ്ഞു.
അതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. മുമ്പത്തെ ഒരു കോടതി വിധിയില്‍ ഉണ്ടായ ചില പരാമര്‍ശങ്ങള്‍ കോടതി തിരുത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടി ബാലവേശ്യയാണോ എന്നും എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നുമുള്ള ചോദ്യങ്ങളൊക്കെ കോടതി ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.
1996 ജനുവരി മാസത്തിലാണ് ഈ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ നാല്‍പ്പത് ദിവസം കേരളത്തിലെ പലയിടങ്ങളിലും തമിഴ്നാട്ടിലും കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഈ സംഭവത്തിന് വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ശിക്ഷാവിധി വന്നിരിക്കുന്നത്.