സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: ഗണേഷ്കുമാര്‍

Webdunia
വെള്ളി, 22 മാര്‍ച്ച് 2013 (11:34 IST)
PRO
PRO
പേര്യ മരം മുറി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് വനം വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്‍. കേരളത്തില്‍ അവശേഷിക്കുന്ന വനഭൂമി പൂര്‍ണ്ണമായും സംരക്ഷിക്കുകയെന്ന വനം വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയ്ക്കുളള അംഗീകാരം കൂടിയാണ് കോടതിവിധിയെന്നും മന്ത്രി പറഞ്ഞു.

വയനാട് ജില്ലയിലെ നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി താലൂക്കില്‍ 2000ല്‍ അനധികൃതമായി മരംമുറി നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ പേര്യ റേഞ്ചിലെ വരയാല്‍ ഫോറസ്റ് സ്റേഷന്‍ പരിധിയില്‍പ്പെട്ട പേര്യ വില്ലേജില്‍ റീ സര്‍വ്വേ നമ്പര്‍ 88/1 എ3-യില്‍പ്പെട്ട 20.20 ഹെക്ടര്‍ വനഭൂമി വ്യാജരേഖകള്‍ ചമച്ച് സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയാണ് മരം മുറി നടത്തിയതെന്ന് ബോധ്യപ്പെട്ടിരുന്നു.

1.8 കോടി രൂപയോളം വിലവരുന്ന മുറിച്ചിട്ട 451 മരങ്ങളുടെ തടികള്‍ കസ്റഡിയില്‍ എടുക്കുകയും ചെയ്തു ഈ കേസില്‍ ഉള്‍പ്പെട്ട കുന്നക്കാടന്‍ മുസ്തഫ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ വരയാല്‍ ഫോറസ്റ് സ്റേഷന്‍ സ്റാഫുകള്‍ കേസ് എടുക്കുകയും തുടര്‍ന്ന് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് അന്വേഷണ നടപടികള്‍ തുടങ്ങുകയുമുണ്ടായി.

വനം വകുപ്പ് നടത്തിയ സര്‍വ്വേയില്‍ ഭൂമി സ്വകാര്യ വ്യക്തികളുടേതല്ലന്ന് കണ്ടെത്തി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. 1977 ല്‍ കേരള പ്രൈവറ്റ് ഫോറസ്റ് വെസ്റിംങ് ആന്‍ഡ് അസൈയിമെന്റ് ആക്ട് പ്രകാരം ഈ ഭൂമി അളന്ന് വേര്‍തിരിക്കുമ്പോള്‍ ഇത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരുന്നില്ലെന്നുളള എതിര്‍ കക്ഷികളുടെ വാദം അംഗീകരിച്ച് 2003 ല്‍ ഹൈക്കോടതി ഈ വിജ്ഞാപനം റദ്ദാക്കി.

ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും തുടര്‍ന്ന് ഹൈക്കോടതി വിധി അസാധുവാക്കുകയും ചെയ്തു. പേര്യയിലെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണമെന്ന് കേരള ഫോറസ്റ് ട്രൈബ്യൂണലിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പേര്യ മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഘട്ടത്തിലും എടുത്ത നിലപാടുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിട്ടുളള സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു.