സുധാകരന്റെ വിവാദ പ്രസ്താവന: പ്രതിഷേധം വ്യാപകം

Webdunia
ഞായര്‍, 17 ഫെബ്രുവരി 2013 (11:21 IST)
PRO
PRO
സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ കെ. സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. മസ്‌ക്കറ്റില്‍ വെച്ചാണ് സുധാകരന്‍ പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

പ്രസ്താവന പിന്‍വലിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവുമായ പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി പറഞ്ഞു. രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുധാകരനെതിരെ പുതിയ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടു.

സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി പണവും വാങ്ങി, പീഡിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞ് നടക്കുന്നത് ശരിയല്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. പി.ജെ. കുര്യനെതിരെയുള്ള വിഎസ്സിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും, ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാപരമാണെന്നും സുധാകരന്‍ പറഞ്ഞു