സുജിത്ത് വധം: പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്താന്‍ സാധ്യത

Webdunia
ശനി, 20 ഫെബ്രുവരി 2016 (14:18 IST)
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ യു എ പി എ വകുപ്പ് ചുമത്താന്‍ നീക്കം. സുജിത്തിന്റേത് ആസൂത്രിത കൊലപാതകമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചനകള്‍ നടന്നിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള രണ്ടുപേരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. റിമാന്‍ഡിലായ മറ്റു പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കോടതിയെ സമീപിക്കുന്നുണ്ട്.
 
ഇതുവരെ പിടിയിലായ ഏഴു പ്രതികളും സംഭവവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഇവരെ കൂടാതെ മറ്റ് രണ്ട്പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. മറിച്ചുള്ള പ്രചാരണങ്ങള്‍ കേസിനെ വഴിതിരിച്ച് വിടാനുള്ള തന്ത്രമാണെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ടത് ഒരു ആര്‍ എസ് എസ് എസ് പ്രവര്‍ത്തകാണെന്നതും പിടിക്കപ്പെട്ട പ്രതികളെല്ലം സി പി എം പ്രവര്‍ത്തകരാണെന്നതും കൊലയ്ക്കു പിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്നതിന്റെ സൂചനയാണെന്നാണ് പൊലീസ് കരുതുന്നത്.
 
ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് പുറമെ കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലാത്ത പത്തോളം പ്രതികളും ഗൂഢാലോചന നടന്നെന്ന് വ്യക്തമായാല്‍ നാലൊ അഞ്ചോ പേര്‍കൂടി പ്രതിപ്പട്ടികയില്‍ വരാനാണ് സാധ്യത. വളപട്ടണം സി ഐ ടി പി ശ്രീജിത്ത്, എസ് ഐ ശ്രീജിത് കൊടേരി എന്നിവര്‍ക്കാണ് കേസിന്റെ ചുമതല.