സുകുമാരി അന്തരിച്ചു

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (21:17 IST)
PRO
പ്രശസ്ത നടി സുകുമാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. പൂജാമുറിയിലെ നിലവിളക്കില്‍ നിന്ന് പൊള്ളലേറ്റാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഒരു മാസം മുന്‍പാണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 27ന് വീട്ടിലെ പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. കൈകകളിലും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പ്ളാസ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റതായിട്ടാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ സുകുമാരിയെ സന്ദര്‍ശിച്ചിരുന്നു.

സുകുമാരി സിനിമയിലും സീരിയലുകളിലും ടി വി ഷോകളിലും അവസാനകാലം വരെയും സജീവമായിരുന്നു. ഇതുവരെ 2500ലധികം സിനിമകളില്‍ സുകുമാരി അഭിനയിച്ചുകഴിഞ്ഞതായാണ് വിവരം. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

2003 ല്‍ പത്മശ്രീ നല്‍കി സുകുമാരിയെ രാജ്യം ആദരിച്ചിട്ടുണ്ട്. 2011 ല്‍ മികച്ച സഹനടിക്കുളള ദേശീയ അവാര്‍ഡ് ലഭിച്ചു. 1974, 1979,1983, 1985 എന്നീവര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുളള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള സുകുമാരിയോട് താരതമ്യപ്പെടുത്താവുന്ന ഏക നടി തമിഴ് നടിയായ മനോരമ മാത്രമാണ്. എന്നാല്‍ എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്ന ഏകനടി സുകുമാരി മാത്രമായിരുന്നു എന്നതാണ് സവിശേഷത.