സീരിയല്‍ നടിയുടെ പെണ്‍‌വാണിഭ ബന്ധം കണ്ടെത്താനായില്ല

Webdunia
വ്യാഴം, 28 ഫെബ്രുവരി 2013 (10:36 IST)
PRO
PRO
അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ ടിവി സീരിയല്‍ നടി ഗ്രീഷ്മയ്ക്ക് പെണ്‍വാണിഭ സംഘങ്ങളുമായോ പ്രമുഖ വ്യക്‌തികളുമായോ അടുപ്പമുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്‌. അതേസമയം, ഗ്രീഷ്മയെ ചോദ്യം ചെയ്യാന്‍ രണ്ടു ദിവസത്തേക്കു പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഗ്രീഷ്മയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കണ്ണൂര്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി പരിഗണിക്കും.

സ്വകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരിയെ അനാശാസ്യത്തിനു പ്രേരിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ഗ്രീഷ്മ അറസ്റ്റിലായത്. സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന്‌ ചോദിച്ചായിരുന്നു നടി ജ്വല്ലറി ജോലിക്കാരിയെ ആദ്യം സമീപിച്ചത്‌. അതേ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണു ഗ്രീഷ്മ.

തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാല്‍ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപവരെ സമ്പാദിക്കാമെന്നാണ് പറഞ്ഞത്‌. പെണ്‍കുട്ടിക്ക്‌ നല്ല കസ്‌റ്റമേഴ്‌സിനെ നല്‍കാമെന്നും നടി പറഞ്ഞു. യുവതി താല്‍പര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തി.

പെണ്‍കുട്ടി സഹപ്രവര്‍ത്തകരോട് ഈ വിവരം പറഞ്ഞതിനേ തുടര്‍ന്ന്‌ നയപരമായി ഇവരെ വിളിച്ചുവരുത്തി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ്‌ സീരിയല്‍ നടിക്കു മേല്‍ ചുമത്തിയിരിക്കുന്നത്‌.