സി പി ഐ എക്സിക്യുട്ടീവ്‌ തുടങ്ങി

Webdunia
സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് തിരുവനന്തപുരത്ത് തുടങ്ങി. സ്വാശ്രയ നിയമത്തില്‍ പുന:പരിശോധന ഉണ്ടാകില്ലെന്ന് മന്ത്രി എം എ ബേബി പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ഇന്നത്തെ യോഗം ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ നിയന്ത്രണമുള്ള കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ക്ക്‌ സര്‍ക്കാര്‍ ഫീസോ അതല്ലെങ്കില്‍ താരതമ്യേന കുറഞ്ഞ ഫീസോ മാത്രമേ ഈടാക്കാവൂ എന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെയ്ക്കാന്‍ സി പി ഐ തീരുമാനിച്ചേക്കും.

സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ ഏതു ദിശയില്‍ നീങ്ങണമെന്ന് സംബന്ധിച്ചും ഇന്നു ചേരുന്ന എക്‌സിക്യുട്ടീവില്‍ തീരുമാനമുണ്ടായേക്കും. പ്രശ്നത്തില്‍ പ്രതിഷേധം വ്യക്തമാക്കി എ ഐ എസ് എഫും, എ ഐ വൈ എഫും ഇതിനകം തന്നെ രംഗത്തു വന്ന സാഹചര്യത്തില്‍ ഇവരുമായി ചര്‍ച്ച നടത്താനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

സ്വാശ്രയ കരാറില്‍ ഭേദഗതി വേണമെന്ന സി പി ഐ, ആര്‍ എസ് പി ആവശ്യം തീര്‍ത്തും അപ്രായോഗികമാണെന്ന നിലപാടില്‍ സി പി എം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കരാറില്‍ പുന:പരിശോധന വേണമെന്ന തീരുമാനത്തില്‍ നിന്ന് സി പി ഐ പിന്മാറിയേക്കുമെന്നാണ് കരുതുന്നത്.